ഭൂമി സ്വർഗ്ഗം (കവിത): ജയൻ വർഗീസ്

അങ്ങങ്ങാകാശത്തിൻ
അജ്ഞാത തീരത്ത്
ആരെയും മയക്കുന്ന
സ്വർഗ്ഗമുണ്ടോ ?
തങ്ക പത്രങ്ങളും
നക്ഷത്രപ്പൂക്കളും
ചന്തം വിടർത്തും
ചെടികളുണ്ടോ ?
തേനൂറുമരുവികൾ
ക്കരികിലായ് നുരയുന്ന
ലഹരിയിൽ ഉലയുന്ന
മുലകളുണ്ടോ ?
ചിറകുകൾ കുടയുന്നോ –
രരയന്ന നടയുമായ്
പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ?
അവളുടെ മൃദു ചുണ്ട്
മൊഴിയുന്ന സംഗീത
ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ?
പുളകങ്ങൾ പൂക്കുന്ന
വഴി താണ്ടിയെത്തുമ്പോൾ
അവിടെയൊരപ്പാപ്പൻ
ദൈവമുണ്ടോ ?
തലവരയെഴുതിയ
തടിയനാം ഗ്രന്ഥച്ചുരുൾ
വിടരുമ്പോൾ നരകമോ
നൻ നാകമോ ?
നരകത്തിൽ ഉണരുമോ
പിടയുന്ന മനുഷ്യന്റെ
തെറിവിളിയഭിഷേകം:
“ ഭൂമി സ്വർഗ്ഗം “

Leave a Comment

More News