ദോഹ: ഖത്തറിലെ സ്ത്രീകളുടെ വൈജ്ഞാനിക വളർച്ചയും ആത്മീയ വികസനവും ലക്ഷ്യം വെച്ച് വിമൻ ഇന്ത്യ ഖത്തർ 2016 മുതൽ സംഘടിപ്പിച്ചു വരുന്ന തംഹീദുൽ മർഅ (Women Empowerment Program) എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പുതുക്കിയ സിലബസോടെ വീണ്ടും ആരംഭിക്കുന്നു. ഈ വർഷം മുതൽ ദ്വിവർഷ കോഴ്‌സ് സംവിധാനത്തിൽ, ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠനം നടക്കുക.
ദീനി അവബോധം ശക്തിപ്പെടുത്തുകയും തുടർപഠനത്തിന് ഉറച്ച അടിത്തറ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ കോഴ്‌സിൻ്റെ ആദ്യ ഭാഗം 2026 ഫെബ്രുവരിയിൽ ആരംഭിച്ച് നവംബറിൽ അവസാനിക്കും.
സ്ത്രീകൾക്ക് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രമായ അറിവ് നൽകുന്നതാണ് പഠനരീതി.
ഖുർആൻ പഠനത്തിൽ സൂറ ഫാത്തിഹ, ആയത്തുൽ കുർസി, ആമനറസൂൽ, ആയത്തുദ്ദയ്ൻ, ഇബാദുർറഹ്മാൻ തുടങ്ങിയ തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഖ്ഹ് വിഭാഗത്തിൽ നമസ്കാരം, രോഗാവസ്ഥയിലെ കർമങ്ങൾ, മയ്യിത്ത് പരിപാലനം, ഇദ്ദ, ത്വലാഖ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും. കൂടാതെ നബി (സ) യുടെ ചരിത്രം, സ്ത്രീജീവിതവുമായി ബന്ധപ്പെട്ട 20 ഹദീസുകൾ എന്നിവയും സിലബസിലുണ്ട്.
ഓരോ ക്ലാസ്സിനോടൊപ്പം കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി 15 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ക്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സഹോദരിമാരെയും ഈ വിജ്ഞാന സദസ്സിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 6654 7301
