തിരുവനന്തപുരം: ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പടെ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം നടപ്പാക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ വ്യക്തമാക്കി.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകൾക്കെതിരായ കേസ് സുപ്രീം കോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ്റെ നിലപാട്. എന്നാൽ, അസോസിയേഷൻ്റെ കേസ് ഹൈക്കോടതി തള്ളിയതാണെന്നും നിയമാനുസൃതമായാണ് സർക്കാർ നിർദ്ദേശങ്ങളിറക്കിയതെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് കൗൺസിൽ അധികൃതർ വ്യക്തമാക്കി.
സ്ഥാപനങ്ങളിലേതുപോലെ ചികിത്സാ നിരക്ക് കാണിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ചികിത്സയും തങ്ങളും ഇതുമായി ബന്ധപ്പെട്ട കോ-ഓർഡിനേറ്റർ രോഗികളോട് വിശദീകരിക്കുന്നതാണ് പ്രായോഗികം. മൂത്രക്കല്ലിൻ്റെ ശസ്ത്രക്രിയ കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യസ്ഥിതിയനുസരിച്ച് വ്യത്യാസമുണ്ടാകും. ഈ സാഹചര്യത്തിൽ എത്ര കൃത്യമായ നിരക്ക് കാണിക്കുമെന്നും ആശുപത്രി ഉടമകൾ ചോദിക്കുന്നു.
- ആശുപത്രികൾ, ലബോറട്ടറികൾ, ദന്ത ചികിത്സാ കേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ കിടക്കകളുള്ളതും പരിശോധന മാത്രമുള്ളതുമായ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
- പണം മുൻകൂർ അടച്ചില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്.
- അത്യാഹിതത്തിലെത്തുന്ന രോഗികൾ മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.
- കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ യാത്രാ സൗകര്യമൊരുക്കണം.
- ഡിസ്ചാർജ് ചെയ്താലുടൻ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.
- എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെൽ വേണം.
- പരാതികൾ ഏഴ് ദിവസത്തിനുള്ളിൽ തീർപ്പാക്കണം.
- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ജനം കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
“നിർദ്ദേശങ്ങൾ നടപ്പാക്കാനാകില്ല. സ്വകാര്യ ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്ന വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചാൽ സാധാരണക്കാർക്കുള്ള മെച്ചപ്പെട്ട ചികിത്സയെ ബാധിക്കും.” ഡോ. അൻവർ മുഹമ്മദ് അലി, ജനറൽ സെക്രട്ടറി, പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ.
