72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ യുവാവ് നിരപരാധിയെന്ന് വിധി

ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്.

1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്.

പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. കേസിന്റെ ഭാഗമായി അന്ന് നൂറുകണക്കിന് കറുത്തവർഗക്കാരെ അനാവശ്യമായി ചോദ്യം ചെയ്തിരുന്നു.

1954-ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് വാക്കറുടെ വധശിക്ഷ നടപ്പാക്കി. “മറ്റാരോ ഇരിക്കേണ്ട കസേരയിലാണ് നിങ്ങൾ എന്നെ ഇരുത്തുന്നത്, ഞാൻ നിരപരാധിയാണ്” എന്നായിരുന്നു മരിക്കുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നതെന്ന് വാക്കറുടെ മകൻ ഓർക്കുന്നു.

കോടതി മുറിയിൽ വാക്കറുടെ പേര് കളങ്കരഹിതമായി പ്രഖ്യാപിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ വാക്കറുടെ മകനെ കെട്ടിപ്പിടിക്കുകയും തന്റെ കുടുംബം അനുഭവിച്ച തെറ്റായ ശിക്ഷയ്ക്ക് മാപ്പ് ചോദിക്കുകയും ചെയ്തു.

ഡാളസ് കൗണ്ടിയുടെ ‘കൺവിക്ഷൻ ഇന്റഗ്രിറ്റി യൂണിറ്റ്’ പുനരന്വേഷിച്ച് കുറ്റവിമുക്തനാക്കിയ ഏറ്റവും പഴക്കമുള്ള കേസുകൂടിയാണിത്.

Leave a Comment

More News