പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം; വ്യാഴം വെള്ളി ദിവസങ്ങളില്‍ താത്ക്കാലിക റെഡ് സോണ്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെ മുതൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ശംഖുമുഖം-എയർപോർട്ട് പ്രദേശവും പുത്തരിക്കണ്ടം-കിഴക്കേക്കോട്ട് പ്രദേശവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താൽക്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ഡ്രോൺ ക്യാമറകൾ, പട്ടങ്ങള്‍, ബലൂണുകൾ, ലേസർ ബീം ലൈറ്റുകൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും നഗരപരിധിയിൽ കർശന സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ഡൊമസ്റ്റിക് എയർപോർട്ട്–ശംഖുമുഖം–ആൾസെയിന്റ്സ്–ചാക്ക–പേട്ട–പള്ളിമുക്ക്–പാറ്റൂർ–ജനറൽ ആശുപത്രി–ആശാൻ സ്ക്വയർ–രക്തസാക്ഷി മണ്ഡപം–വി.ജെ.ടി–മെയിൻ ഗേറ്റ്–സ്റ്റാച്യു–പുളിമൂട്–ആയുർവേദ കോളേജ്–ഓവർബ്രിഡ്ജ്–മേലെ പഴവങ്ങാടി–പവർഹൗസ് ജംഗ്ഷൻ–ചൂരക്കാട്ടുപാളയം വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇതിന് പുറമെ ശംഖുമുഖം–ഡൊമസ്റ്റിക് എയർപോർട്ട്–വലിയതുറ–പൊന്നറപ്പാലം–കല്ലുംമൂട്–അനന്തപുരി ആശുപത്രി–ഈഞ്ചയ്ക്കൽ–മിത്രാനന്ദപുരം–എസ്.പി.ഫോർട്ട്–ശ്രീകണ്ഠേശ്വരം പാർക്ക്–തകരപ്പറമ്പ് മേൽപ്പാലം–പവർഹൗസ് ജംഗ്ഷൻ വരെയുള്ള റോഡിലും ചാക്ക–അനന്തപുരി ആശുപത്രി റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിംഗ് അനുവദനീയമല്ല.

ഗതാഗത നിയന്ത്രണമുള്ള റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിഐപി റൂട്ട് സജീവമായിരിക്കുന്ന സമയങ്ങളിൽ പ്രധാന റോഡുകളിലേക്ക് ചേരുന്ന ഇടറോഡുകളിലെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴിതിരിച്ചുവിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്ന് ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ–പൊന്നറപ്പാലം–കല്ലുംമൂട് വഴി പോകേണ്ടതും, വെട്ടുകാട്–വേലി ഭാഗങ്ങളിൽ നിന്ന് ആൾസെയിന്റ്സിലേക്ക് പോകുന്ന വാഹനങ്ങൾ മാധവപുരം–വെൺപാലവട്ടം വഴിയും പോകേണ്ടതുമാണ്.

കഴക്കൂട്ടം ഭാഗത്ത് നിന്ന് ചാക്ക വഴി സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ വെൺപാലവട്ടം–കുമാരപുരം–പട്ടം–കവടിയാർ വഴിയാണ് പോകേണ്ടത്. പിഎംജി ഭാഗത്ത് നിന്ന് പാളയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എൽ.എം.എസ്–പബ്ലിക് ലൈബ്രറി–പഞ്ചാപുര വഴിയും, വെള്ളയമ്പലം ഭാഗത്ത് നിന്ന് പാളയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട്–വിമൻസ് കോളേജ്–തൈക്കാട് വഴിയും സഞ്ചരിക്കണം. തമ്പാനൂർ ഭാഗത്ത് നിന്ന് ഓവർബ്രിഡ്ജ് വഴി കിഴക്കേകോട്ട പോകുന്ന വാഹനങ്ങൾ ചൂരക്കാട്ടുപാളയം–കിള്ളിപ്പാലം–അട്ടക്കുളങ്ങര വഴിയും, അട്ടക്കുളങ്ങര ഭാഗത്ത് നിന്ന് കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകേണ്ടതുമാണ്.

വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ കിള്ളിപ്പാലം, അട്ടക്കുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഇറക്കിയ ശേഷം പാർക്കിംഗ് ക്രമീകരണങ്ങൾ പാലിക്കണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളേജ് ഗ്രൗണ്ട്, ചാല സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ, മാഞ്ഞാലിക്കുളം, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ, വെള്ളയമ്പലം വാട്ടർ അതോറിറ്റി ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം. വിമാനത്താവളത്തേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

More News