കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യു.ജി.സി കൊണ്ടുവന്ന Promotion of Equity in Higher Education Institutions Regulations, 2026 ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തത് സവർണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നിൽ കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ജാതി വിവേചനത്തെ തുടർന്ന് വ്യവസ്ഥാപിത കൊലപാതകത്തിനിരകളായ രോഹിത് വെമുലയുടെയും പായൽ തദ് വിയുടെയും അമ്മമാർ നൽകിയ ഹരജികളെ തുടർന്നായിരുന്നു 2012 ലെ ഇക്വുറ്റി നിയമത്തിന്റെ പരിഷ്കരിച്ച ചട്ടക്കൂട് പുറത്തിറക്കാൻ യു.ജി.സി യോട് കോടതി ആവശ്യപ്പെട്ടത്. പരിഷ്ക്കരിച്ച ചട്ടക്കൂടിലെ അപാകതകൾ ചൂണ്ടിക്കാട്ടി വ്യത്യസ്ത ദലിത്-ആദിവാസി സാമൂഹിക പ്രവർത്തകരും ചിന്തകരും വിമർശനം ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇപ്പോൾ സ്റ്റേ ചെയ്യാൻ കാരണം ചട്ടക്കൂട് സവർണ്ണ വിഭാഗങ്ങളെ കുറ്റക്കാരാക്കുന്നുവെന്ന സവർണ്ണ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ്.ബനാറസ് ഹിന്ദു സർവകലാശാലയിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനായ മൃത്യുഞ്ജയ് തിവാരി, വിനീത് ജിൻഡാൽ, രാഹുൽ ദേവാൻ എന്നിവർ നൽകിയ എതിർ ഹരജിയുടെ കാതൽ തന്നെ ഈ സവർണ്ണ മനോഭാവമാണ്. ജാതി വിവേചനത്തിനെതിരായ നിയമങ്ങൾ തന്നെ സമൂഹത്തിൽ വേർതിരിവുണ്ടാക്കുമെന്ന വാദം നിയമഞ്ജരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് സമൂഹത്തിൽ വേരൂന്നിയ സവർണ്ണ ബോധ്യത്തിൽ നിന്നാണ്. സവർണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നിൽ കണ്ട് കൊണ്ടുള്ള കോടതി നടപടികളെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണുമ്പോൾ തന്നെ നിലവിൽ യു.ജി.സി പുറത്തിറക്കിയ ചട്ടങ്ങളെക്കുറിച്ച് വംശീയ-ജാതീയ വിവേചനങ്ങൾക്കിരയാക്കപ്പെടുന്ന സമൂഹങ്ങളിൽ നിന്നുയർന്നുവരുന്ന വിമർശനങ്ങളെയും മുഖവിലക്കെടുക്കേണ്ടതുണ്ട്.
ഇസ് ലാമോഫോബിയയെയും ജാതീയതയെയും മുൻനിർത്തി വംശീയ വിവേചനങ്ങൾക്ക് കൃത്യമായ നിർവചനങ്ങൾ രൂപപ്പെടുത്തി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്ന് യു.ജി.സി പുറത്തിറക്കിയ ചട്ടക്കൂട് പരിഷ്കരിക്കണം. വംശീയ വിവേചനങ്ങളെ തന്നെ കേവലം ഇല്ലാക്കഥകളാക്കി ചിത്രീകരിച്ച് ഉറഞ്ഞുതുള്ളുന്ന സവർണ്ണ പൊതുബോധത്തെ പൊതുസമൂഹം ചെറുത്തുതോൽപ്പിക്കണം.രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്ത് വർഷം തികഞ്ഞ ഈ സന്ദർഭം രോഹിത് ആക്ടിനായുള്ള സമഗ്ര നിയമനിർമ്മാണത്തിനായുള്ള സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങൾക്കായി വിനിയോഗിക്കേണ്ടതുണ്ടെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.
