പോപ്പുലര്‍ ഫ്രണ്ടിന്റെ ചാരിറ്റി വിഭാഗത്തിന് പണം നല്‍കിയ മലയാളികള്‍ ഇഡിയുടെ നിരീക്ഷണത്തില്‍

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗങ്ങളായ യഹിയ തങ്ങൾ, കരമന അഷറഫ് മൗലവി, പി കെ ഉസ്മാൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം (ഫോട്ടോ കടപ്പാട്: പിടിഐ)

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം തുടരുമ്പോഴും പിഎഫ്ഐയുടെ മുൻ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനു (ആർഐഎഫ്) ഫണ്ട് നൽകിയ മലയാളികൾ ഇഡിയുടെ നിരീക്ഷണത്തില്‍. വടക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായിരുന്നു ഇവര്‍ ഫണ്ട് നല്‍കിയത്.

മലപ്പുറത്ത് നിന്നുള്ള പിഎഫ്ഐയുടെ പ്രമുഖ നേതാവായ അബ്ദുൾ റസാഖ് ബിപിയാണ് ആർഐഎഫിനായി കേരളത്തിലും വിദേശത്തുമുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്ന് ഇഡി കണ്ടെത്തി. പിഎഫ്‌ഐയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ദീർഘകാല അംഗമായ അബ്ദുൾ റസാഖ് ഫണ്ട് സമാഹരണത്തിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും അത് ഒന്നിലധികം തവണ ആർഐഎഫിന് കൈമാറിയിട്ടുണ്ടെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ED യുടെ ഒരു പ്രസ്താവന പ്രകാരം, 2009 മുതൽ PFI യുടെ അക്കൗണ്ടുകളിൽ 60 കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. RIF ന്റെ അക്കൗണ്ടുകൾക്ക് മാത്രം 2010 മുതൽ 58 കോടി രൂപ ലഭിച്ചു. വിവിധ സ്രോതസ്സുകളിൽ നിന്ന് വലിയ രീതിയില്‍ പണം ലഭിച്ചിട്ടുണ്ട്.

ആർ‌ഐ‌എഫിലേക്ക് പണം സംഭാവന ചെയ്തവരെയും അന്വേഷിക്കുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. ആർഐഎഫിന്റെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഇഡി, അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

ആർഐഎഫ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പേരിൽ പിഎഫ്ഐ ധാരാളം ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നെറ്റ്‌വർക്ക് ഉള്ള മലയാളികളില്‍ നിന്ന് അവർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.

സംശയം തോന്നാതിരിക്കാനും നിയന്ത്രണ കർക്കശങ്ങൾ മറികടക്കുന്നതിനുമായി രാജ്യത്തിനകത്ത് നിന്ന് സമാഹരിച്ച പണം വിവിധ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ഉടൻ തന്നെ അവ പിഎഫ്ഐയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായി ഇഡി കണ്ടെത്തിയിരുന്നു.

വിദേശത്ത് നിന്ന് സമാഹരിച്ച ഫണ്ട്, ഇന്ത്യയിലെ അനുഭാവികൾ, ഭാരവാഹികൾ, അംഗങ്ങൾ, അവരുടെ ബന്ധുക്കൾ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശ പണമയക്കല്‍ ഏജന്‍സികള്‍ വഴി ട്രാൻസ്ഫർ ചെയ്യുകയും അതിനുശേഷം പണം RIF ന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് ഇഡി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News