ബേപ്പൂരിൽ നിന്ന് പി.വി. അൻവർ മത്സരിച്ച് ജയിച്ച് എം എല്‍ എ ആകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആദ്യ അനൗദ്യോഗിക പ്രഖ്യാപനമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ടി.പി. വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തള്ളിയ സംഭവത്തിലും ബജറ്റിനെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയം തള്ളിക്കളഞ്ഞത് ഭയം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കെ.കെ. രമയുടെയും യു.ഡി.എഫിന്റെയും വാക്കുകൾ കേൾക്കാൻ സർക്കാർ തയ്യാറായില്ലെന്നും അതുകൊണ്ടാണ് പ്രമേയം തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സുരേഷ് ഗോപി ഈ വിഷയങ്ങളിൽ പ്രതികരിക്കാത്തത് മനഃസ്സാക്ഷിക്കുത്ത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
