കൊല്ലം: ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും, ദ്വാരപാലക ശിൽപ കേസിൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. കട്ടിളപ്പാളി സ്വര്‍ണ്ണ മോഷണ കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷം, കുറ്റപത്രം സമർപ്പിക്കുന്നതിൽ എസ്.ഐ.ടി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്.
സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പദ്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ദ്വാരപാലക കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായാൽ ജാമ്യത്തിനുള്ള നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യാപേക്ഷകളും ഈ മാസം 23 ന് പരിഗണിക്കും.
അതേസമയം, ശബരിമല സ്വര്‍ണ മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കസ്റ്റഡി ആവശ്യമാണെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നില്‍ക്കാത്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആവശ്യമുള്ളപ്പോള്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
