സാംസി കൊടുമണ്ണിന്‍റെ ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ (ചില അനുബന്ധ ചിന്തകള്‍): രാജു മൈലപ്ര

അമേരിക്കയില്‍ ഫെബ്രുവരി “Black History Month’ആയി ആഘോഷിക്കാറുണ്ട്. സത്യത്തില്‍ ഇതു കറുത്ത വര്‍ഗ്ഗക്കാരെ ആദരിക്കുവാനാണോ, അതോ അവഹേളിക്കുവാനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ‘നിങ്ങള്‍ അന്നും ഇന്നും എന്നും അടിമകളായിരിക്കും’ എന്ന സത്യം അവരുടെ മനസ്സില്‍ ആണിയടിച്ച് ഉറപ്പിക്കുവാനുള്ള തന്ത്രപൂര്‍വ്വമായ ഒരു ആചാരമാണോ ഇത്?

രാജു മൈലപ്ര

എന്‍റെ സുഹൃത്ത് ശ്രീ സാംസി കൊടുമണ്ണിന്‍റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന ചരിത്ര നോവല്‍ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒരു സംശയമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്.
അഞ്ഞൂറോളം പേജുകളിലായി നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍, അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ശ്രീ സാംസി എത്രയധികം ഗവേഷണങ്ങളാണ് നടത്തിയിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്‍റെ അളവു കൂടുന്നു.

തികഞ്ഞ അന്വേഷണധ്വരയും അര്‍പ്പണബോധവും ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയവുമുള്ള ഒരു വ്യക്തിക്കു മാത്രമേ, ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം വായനക്കാരുടെ കൈകളിലെത്തിക്കുവാന്‍ കഴിയുകയുള്ളൂ.

‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന ഈ നോവല്‍ ചരിത്രവും ഭാവനയും സംയോജിപ്പിച്ച് എഴുതിയിട്ടുള്ള ഒരു കൃതിയാണ്.

ഇതൊരു ആധികാരികമായ ചരിത്രപഠനഗ്രന്ഥമല്ല. മറിച്ച്, ചരിത്രപരമായ സംഭവങ്ങളോടെ ആവുന്നിടത്തോളം നീതിപുലര്‍ത്തിക്കൊണ്ട് എഴുതപ്പെട്ടിട്ടുള്ള ഒരു നോവലാണ്. ചരിത്രം മരവിച്ച രേഖകളല്ല, മറിച്ച് മനുഷ്യാനുഭവങ്ങളുടെ സജീവമായ ഒരു ഒഴുക്കാണ്, ഭാവനയുടെ അകമ്പടിയോടെ നമ്മുടെ മുന്നില്‍, നീര്‍ച്ചാലുകളായി ഒഴുകുന്നത്.

ഓരോ പേജുകള്‍ വായിക്കുന്തോറും അടുത്ത അദ്ധ്യായത്തില്‍ എന്താണെന്നറിയാനുള്ള ആകാംക്ഷ വായനക്കാരില്‍ നിലനിര്‍ത്തുവാന്‍ ശ്രീ സാംസിക്കു സാധിച്ചിട്ടുണ്ട്.

വര്‍ണ്ണവിവേചനവും വര്‍ഗ്ഗവിവേചനവുമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. അനേക വര്‍ഷങ്ങളിലെ ത്യാഗങ്ങളിലൂടെ, യാതനകളിലൂടെ നമ്മുടെ പൂര്‍വ്വികന്മാര്‍ നേടിയെടുത്തെന്നു കരുതപ്പെടുന്ന ഈ സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഇന്നും അതിര്‍വരമ്പുകള്‍ ഉണ്ടെന്ന് വേണം സമകാലിക സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്.

ഇരുണ്ട ഭൂതകാലത്തിലേക്കുള്ള ഒരു മടക്കയാത്രയുടെ പാതയിലാണ് സാധാരണജനങ്ങള്‍.

“I can’t breathe” മുട്ടുകാലിനിടയില്‍ ഞെരിയുന്ന കഴുത്തില്‍, പിടയുന്ന ജീവന്‍റെ രോദനം ആയിരുന്നത്. നോവലിന്‍റെ തുടക്കത്തിലെ ഈ വാചകം മതി വായനക്കാരനെ മുന്നോട്ടു നയിക്കുവാന്‍.

“പിറകിലേക്കു വിലങ്ങുവെച്ച കൈയുടെ മീതെയായി വീണുപോയ ആറടിക്കാരന്‍റെ ഇരുനൂറ്റിയമ്പതു പൗണ്ട് ഭാരത്തില്‍ അധികാരത്തിന്‍റെ കാല്‍മുട്ട് ഒരു ഇരപിടിയന്‍ കഴുതപ്പുലിയെപ്പോലെ ചിരിക്കുന്നു.”

ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍, തെരുവുകളില്‍ സിഗരറ്റ് ചില്ലറ വില്പന നടത്തിയെന്ന ‘ക്രൂരകൃത്യത്തിന്’ പോലീസിന്‍റെ പിടിയിലായ എറിക് ഗാര്‍നര്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പതിനൊന്നു തവണയാണ് ഈ വാചകം ആവര്‍ത്തിച്ചത്.
വിശപ്പ് സഹിക്കവയ്യാതെ ഒരു കഷണം അപ്പക്കഷണം മോഷ്ടിച്ചുവെന്ന കുറ്റം ചാര്‍ത്തി, അട്ടപ്പാടിയില്‍ മധുവെന്ന ഒരു ആദിവാസി യുവാവിനെ ആള്‍ക്കൂട്ടവിചാരണ നടത്തി ഒരു പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്ന സംഭവം ഇതോടെ ചേര്‍ത്തുവായിക്കാം.

അധികാരികളുടെ അനീതി ചോദ്യം ചെയ്താല്‍, അതു ചെയ്യുന്നവന്‍റെ കുടുംബത്തെയുള്‍പ്പെടെ, വേരോടെ പിഴുതെറിയുന്ന ഒരു സംവിധാനമാണ് ഇന്ന് ലോകത്തെവിടെയും ‘ജനാധിപത്യം’ എന്ന ഓമനപ്പേരില്‍ നിലനില്‍ക്കുന്നത്.

സാംസിയുടെ ഈ ചരിത്രനോവലില്‍ നിന്നും മുറിച്ചു മാറ്റപ്പെടേണ്ടതായോ കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതായോ ഉള്ള വാക്കുകളോ വാചകങ്ങളോ ഒന്നുമില്ല. എല്ലാം ചേരേണ്ടടുത്ത് ചേരുംവിധം ഭംഗിയായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. അറിവുകളുടെ ഒരു പുതിയ തലത്തിലേക്കു അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ധാരാളം ഉദാഹരണങ്ങള്‍:

‘പ്രകൃതിയുടെ എല്ലാ ഭാവങ്ങളും നമ്മുടെ ആരാധനയുടെ മൂര്‍ത്തികളാണ്. തീയും വെള്ളവും വായുവും ഇടിയും മിന്നലും സൂര്യനുമൊക്കെ. അതില്‍ പ്രധാനം അഗ്നിയാണ്. അഗ്നിയാണ് നമ്മുടെ ദൈവം. നമ്മുടെ എല്ലാ ചടങ്ങുകള്‍ക്കും തീ ഉണ്ടായിരുന്നു. പ്രതിഷേധത്തിന്‍റെ ആ തീപ്പൊരി കെടാതെ തലമുറകളിലേക്കവര്‍ പകര്‍ന്നു.’

‘അടിമയുടെ ജീവിതം എല്ലായിടത്തും ഒരുപോലെയാണ്.’

‘ഇവിടെ നിറത്തിന്‍റെ പേരിലെ വിഭാഗീയത, ഇന്ത്യയില്‍ മതത്തിന്‍റെ പേരിലാണെന്നു മാത്രം.’

‘ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിരണ്ടില്‍ (1492) അറ്റ്ലാന്‍റിക് മഹാസമുദ്രത്തില്‍ വഴിതെറ്റി വന്ന ഒരു കപ്പല്‍, ലോകത്തിന്‍റെ മുഴുവന്‍ ജാതകം മാറ്റി എഴുതി.’

‘കൊളംബസ് തുറന്ന കപ്പല്‍പ്പാതകളിലൂടെ തീര്‍ത്ഥാടകരായി വന്നവര്‍ രാജ്യത്തിന്‍റെ അവകാശികളായി. തദ്ദേശീയരായ റെഡ് ഇന്‍ഡ്യന്‍സിനെ പാടേ നിരാകരിച്ച് ചരിത്രത്തില്‍ നിന്നും പുറത്താക്കി. കൊളംബസ് ഈ നാട്ടില്‍ ഇറക്കിയ വംശീയതയുടെ വിത്തുകള്‍ ഇപ്പോഴും ഇവിടെ വിളയുന്നു.’

‘ഏബ്രഹാം ലിങ്കണ്‍ ഓര്‍ക്കപ്പെടുന്നത് എന്തിന്‍റെ പേരിലായിരിക്കും? ഒരു അടിമയുടെ നാവില്‍, ലിങ്കണ്‍ അടിമകളുടെ വിമോചകനാണെങ്കില്‍, ഒരു സങ്കുചിത വെള്ളക്കാരന്‍റെ ചരിത്രബോദ്ധ്യത്തിലെ ലിങ്കണ്‍ അവരുടെ വംശാധിപത്യത്തിന് തുരങ്കം പണിത കരിങ്കാലിയായി അടയാളപ്പെടുത്തും.’

‘ഇന്ത്യയിലെ അടിമ വ്യവസ്ഥ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലെങ്കിലും അതില്‍ നിറവും ജാതിയും ജാതിയിലൂടെ തൊഴിലും എല്ലാം കൂടിക്കലര്‍ന്ന ഒരു സങ്കീര്‍ണ്ണ വ്യവസ്ഥിതിയാണ്.’

ഭയാനകവും ക്രൂരവുമായ സത്യങ്ങള്‍, സാംസി തന്‍റെ കഥാപാത്രങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നു.

ഒരു പ്രവാചകന്‍റെ ദര്‍ശനത്തോടു കൂടിയാണ് ശ്രീ സാംസി കൊടുമണ്‍ തന്‍റെ ബൃഹത്തായ നോവല്‍ അവസാനിപ്പിക്കുന്നത്.
‘അമേരിക്കയുടെ മനസ്സിന് എന്തുപറ്റി? അത് വര്‍ഗ്ഗീയതയുടെ പാതയിലേക്കു ചുവടു മാറ്റുകയാണോ…? ജോര്‍ജ് ഫ്ളോയിഡിന്‍റെ കഴുത്തില്‍ അമര്‍ന്ന മുട്ടുകാലിന്‍റെ ഏഴു മിനിറ്റില്‍ ഒത്തിരിയേറെ ആത്മാക്കളുടെ നിലവിളി കേള്‍ക്കുന്നില്ലേ? ഇനി നീണ്ടുവരുന്ന അവരുടെ തോക്കുകളോ കാല്‍മുട്ടുകളോ നമ്മുടെ തലമുറകളുടെ നേരെ എന്നാണാവോ ഇറങ്ങിവരിക?’
സമരങ്ങള്‍ തീരുന്നില്ല.

മനുഷ്യവര്‍ഗ്ഗത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച അനേകം വിശിഷ്ട വ്യക്തികളുടെയും അതിനു തുരങ്കം വെക്കുവാന്‍ ശ്രമിച്ച മനസ് കരിങ്കല്ലാക്കി മാറ്റിയ കിരാതന്മാരുടെയും രേഖാചിത്രങ്ങള്‍ നോവലില്‍ ഉടനീളം വരച്ചുകാണിച്ചിരിക്കുന്നു.
ഏബ്രഹാം ലിങ്കണും, ജോണ്‍ എഫ്. കെന്നഡിയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും മഹാത്മാ ഗാന്ധിയും തുടങ്ങി ജോര്‍ജ് വാലസ് വരെയുള്ളവരെക്കുറിച്ചുള്ള ഗവേഷണ പരാമര്‍ശങ്ങള്‍ ഈ ഗ്രന്ഥത്തെ തികച്ചും ഒരു ‘ചരിത്രനോവല്‍’ എന്ന പദവിയിലേക്കുയര്‍ത്തുന്നു.

‘ക്ലാസിക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന ചരിത്രനോവല്‍ ഏതെങ്കിലും ഒരു സാഹിത്യ സമ്മേളനവേദിയിലെ, മൂന്നു മിനിറ്റു നീളുന്ന ഒരു ‘പ്രകാശന കര്‍മ്മ’ത്തില്‍ ഒതുക്കാവുന്നതല്ല.

കൂടുതല്‍ വായനക്കാരിലേക്ക് ഈ ഗ്രന്ഥം എത്തിക്കുക എന്നൊരു കര്‍ത്തവ്യം, ഇവിടെയുള്ള മലയാളി സാഹിത്യ സംഘടനകള്‍ ഏറ്റെടുക്കുന്നത് അഭികാമ്യമായിരിക്കും.

ശ്രീ സാംസി കൊടുമണ്ണിലിന് നന്മകള്‍ നേരുന്നു!

Leave a Comment

More News