കത്രികയിൽ കഷണങ്ങളായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ആരോഗ്യരംഗം (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കത്രികയിൽ കിടന്ന് മുറിഞ് പല കഷണങ്ങളായ കേരളത്തിലെ ആരോഗ്യ രംഗം കൂട്ടി യോജിപ്പിക്കാനാകാത്ത വിധം ആയിരിക്കുകയാണ് . കേരളത്തിലെ സർക്കാർ ആശുപത്രുയിൽ വച്ച് ഒരു വീട്ടമ്മയ്ക്ക് മുൻപ് ചെയ്ത ശസ്ത്രക്രിയയുടെ സമയത്ത് വയറിന്‌നുള്ളിൽ പോയ കത്രിക ഇപ്പോൾ കണ്ടെത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം . കൂനിന്മേൽ കുരുവെന്നപോലെ ഇത് ഇടതുപക്ഷ സർക്കാരിനെതിരെയായിരിക്കുകയാണ്. സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കിട്ടിയ ഇരുമ്പ് വടിയായി പ്രതിപക്ഷത്തിന് ഈ കത്രിക. ചുരുക്കത്തിൽ കത്രികയിൽ കേരളത്തിലെ ആരോഗ്യരംഗം കീറി മുറിഞ്ഞു കൊണ്ടിരിക്കുകയാണ്.

കത്രിക അല്ല മറിച്ച മസ്‌കീറ്റൊ എന്ന വളരെ ചെറിയൊരു സാധനമാണ് വയറിനുള്ളിൽ പോയതെന്നാണ് മെഡിക്കൽ സർജറി ചെയ്ത മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിയായ ഡോക്ടറുടെ വിശദീകരണം.അത് എത്രനാൾ വയറ്റിൽ കിടന്നാലും ഒരു കുഴപ്പവുമില്ലെന്ന് വളരെ ലാഘവത്തോടെ അവർ പറഞ്ഞപ്പോൾ പെട്ടന്ന് ഓർമ്മ വന്നത് മള്ളൂർ ഗോവിന്ദപ്പിള്ള വാക്കേലിനെയാണ്.

പ്രതിയെ രക്ഷപ്പെടുത്താനായി അദ്ദേഹം തൊണ്ടി മുതലായ വെടിയുണ്ട കോടതിയിൽ വച്ച് വിഴുങ്ങിയത് പഴയ തലമുറക്ക് അറിയാം. ഉണ്ട വിഴുങ്ങി ഗോവിന്ദ പിള്ളക്ക് ശേഷം സി പി എം നേതാവ് ജയരാജന്റെ ശരീരത്തിൽ തുളച്ചു കയറിയ വെടിയുണ്ടയാണ് പിന്നീട് ഓർമ്മ വന്നത്. ഇപ്പോഴും ആ വെടിയുണ്ട ശരീരത്തിൽ ഓടിക്കളിക്കുന്നുയെന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ ഈ ഡോക്ടർ പറയുന്നത് അംഗീകരിച്ചേ മതിയാകു. കത്രികയല്ല ബോംബ് മനുഷ്യ ശരീരത്തിൽ പോയാലും ഒന്നുമില്ല എന്ന് ആ ഡോക്ടർ പറയാതിരുന്നത് ഭാഗ്യം.

കത്രിക വയറിനുള്ളിൽ പോയത് ആരും നിഷേധിക്കുന്നില്ല എന്നാൽ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല. മന്ത്രി പറയുന്നത് തന്റെ ഭരണകാലത്തല്ല ഇത് പോയത്. അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്നാണ്. സർജറി ചെയ്തത് താനല്ലാത്തതുകൊണ്ട് തനിക്ക് അതിൽ പങ്കില്ലെന്നാണ് വകുപ്പ് മേധാവിയായ ഡോക്ടർ പറയുന്നത്. ഏത് ഡോക്ടറാണ് ഈ മഹാസംഭവം ചെയ്തതെന്ന് മെഡിക്കൽ കോളേജ് രേഖകളിൽ ഇല്ലാത്തതിനാൽ ഡോക്ടര്‍മാര്‍ ആരാണെന്ന് ആർക്കുമറിയില്ല.

ചുരുക്കത്തിൽ കത്രികയുടെ പിതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല. ചൂണ്ടയിൽ നിന്നും വലയിൽ നിന്നും പിടിച്ച് ചട്ടിയിൽ ഇടുമ്പോൾ കൈയ്യിൽ നിന്ന് തെന്നി മാറി താഴെ വീഴുന്ന വരാലിനെ പോലെ ഡോക്ടറുടെ കൈയിൽ നിന്ന് തെന്നി മാറി കത്രിക രോഗിയുടെ വയറിൽ എത്തിയെന്ന് ന്യായികരിക്കാഞ്ഞത് ഭാഗ്യം.

ചുരുക്കത്തിൽ കത്രിക കേരളത്തിലെ ആരോഗ്യ രംഗം അറുത്തു മുറിച്ചുകൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല കേരളത്തിലെ ആരോഗ്യ രംഗത്തിലെ അനാസ്ഥ തുറന്നു കാട്ടുകയും ചെയ്യുന്നു. പണ്ടേ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും കാര്യത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രി ഒന്നാം സ്ഥാനത്താണ്. ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിനു പോലും മരുന്നോ മറ്റ് സംവിധാനങ്ങളോ ഇല്ല. ഒരു കിടക്ക പല രോഗികകൾ പങ്കിടേണ്ട അവസ്ഥയാണ് സർക്കാർ ആശുപത്രികളിൽ. ബാത്‌റൂമുകളിൽ ചെന്നാൽ മാറാരോഗം വരെ പിടിപെടുന്ന അവസ്ഥയിലാണ് സർക്കാർ ആശുപത്രികൾ. കിടക്കുന്ന കട്ടിലിന്റെ കാലിനു വരെ കൈക്കൂലി കൊടുത്താലേ കാര്യങ്ങൾ നടക്കു. അങ്ങനെ ആ പട്ടിക നീളുന്നു. ഇത്തരം പരിതാപകരമായ അവസ്ഥ ഉള്ളതുകൊണ്ടാണ് കിടപ്പാടം വിറ്റും സ്വകാര്യ ആശുപത്രിയെ പാവപ്പെട്ടവർ ആശ്രയിക്കുന്നത്. അത് പരമാവധി മുതലെടുക്കാൻ സ്വകാര്യ ആശുപത്രികൾ ശ്രമിക്കുന്നുയെന്നതാണ് വസ്തുത. അതിനെ കോർപറേറ്റ് എന്നൊക്കെ പറഞ്‍ സർക്കാർ അതിനെ ലാഘവത്തോടെ കാണുന്നുയെന്നതാണ് സത്യം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന സർക്കാർ ആശുപത്രികൾ ജനങ്ങൾക്ക് ഉപയോഗിക്കാൻ ഇന്ന് കേരളത്തിൽ കഴിയുന്നില്ല. എന്നിട്ടും പലരും അപര്യാപ്തത കുന്നു പോലെയുണ്ടെങ്കിലും സർക്കാർ ആശുപതികളെ ആശ്രയിക്കുന്നത് അവരുടെ ഗതികേടുകൊണ്ടാണ്.

ആ അവസ്ഥയിൽ സർജറി ചെയ്യുമ്പോൾ കത്രിക വയറിനുള്ളിൽ വച്ച് മറന്നു പോകുന്നത് വന്നാലുള്ള അവസ്ഥയെന്തായിരിക്കും. മറന്നത് തെറ്റാണെന്ന് അംഗീകരിക്കാതെ അത് വയറിനുള്ളിൽ എത്ര നാൾ കിടന്നാലും കുഴപ്പമില്ല എന്ന് അതിനെ മറ്റൊരു രീതിയിൽ ന്യായികരിക്കുക കൂടി ചെയ്യുന്നതിനെ എന്താണ് വിളിക്കുക. അതിനെ അഹങ്കാരമെന്ന് വിളിക്കണം. ഒരു കത്രിക വയറ്റിൽ പോയിട്ട് യാതൊരു കുറ്റബോധമില്ലാതെ ന്യായീകരിക്കുന്ന വകുപ്പ് മേധാവിയായ ഡോക്ടറുടെ ബോധമില്ലായ്മ സമ്മതിക്കണം. അത് കേട്ടിട്ടും അവർക്കെതിരെ നടപടിയെടുക്കാത്ത ആരോഗ്യ വകുപ്പിന്നെ നമിക്കണം. അങ്ങനെയുള്ളവരുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും. അമേരിക്കയിൽ ഈ അടുത്ത സമയത്ത് ഒരു ഡോക്ടർ മദ്യപിച്ചു വന്ന് രോഗിയെ ചികിത്സിച്ചു പോന്നു. രണ്ട് രോഗികകളെ പരിശോധിച്ചപ്പോൾ ജീവനക്കാർക്ക് സംശയം തോന്നിയപ്പോൾ പോലീസിൽ അറിയിച്ചു. ഉടൻ തന്നെ പോലീസെത്തി അവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു. നിയമം ശക്തമായി മുഖം നോക്കാതെ നടപ്പാക്കണം എങ്കിൽ മാത്രമേ തെറ്റുകൾ അവർത്തിക്കപ്പെടാതിരിക്കു. ജനങ്ങളുടെ പണം കൊണ്ട് ജനങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് ബോധവും മനുഷ്യത്വവും ഉണ്ടാകുകയും വേണം.

Leave a Comment

More News