കെടുകാര്യസ്ഥത ഈ നിലയിലെത്താൻ പാടില്ല

മൂന്ന്‌ മാസത്തിലേറെയായി തലസ്ഥാന നഗരിയിലെ ആനയറയില്‍ നൂറോളം വീട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്ലപ്പെടുത്തുന്ന പൈപ്പ്‌ പ്രതിസന്ധിക്ക്‌ ഇനിയും പരിഹാരമായിട്ടില്ല. പൈപ്പ്‌ മണ്ണിനടിയില്‍ കുഴിച്ചിടാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ കേടായ ഭാഗം മാറ്റാന്‍ ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്ത റൊട്ടേഷന്‍ കിറ്റ്‌ കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ എത്തിയെങ്കിലും കസ്റ്റംസ് അനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ എടുക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട ഓദ്യോഗിക നടപടികള്‍ രണ്ട്‌ പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വീടുകള്‍ക്ക്‌ മുന്നില്‍ ഭൂമിക്കടിയില്‍ കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍ 105 ദിവസമായി യന്ത്രത്തിന്റെ മോട്ടോര്‍ ഭാഗം പ്രവര്‍ത്തിച്ചിരുന്നില്ല. രാജ്യത്ത്‌ ഒരു യന്ത്രഭാഗത്തിന്റെ കുറവുണ്ടോ, അത്‌ മാറ്റിസ്ഥാപിക്കാന്‍ പര്യാപൃമാണോ? ചൈനയില്‍ മാത്രമാണ്‌ റൊട്ടേഷന്‍ കിറ്റ്‌ നിര്‍മ്മിക്കുന്നതെങ്കില്‍, രാജ്യത്തെ മറ്റ്‌ നഗരങ്ങളില്‍ ഇത്തരത്തില്‍ മലിനജല ജോലികള്‍ക്കായി ഏത്‌ തരം യന്ത്രങ്ങളാണ്‌ ഉപയോഗിക്കുന്നത്‌? മനുഷ്യനെ ചന്ദ്രനിലേക്ക്‌ കൊണ്ടുപോകാന്‍ അത്യാധുനിക വിക്ഷേപണ വാഹനങ്ങളും അത്യാധുനിക ഉപഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരു രാജ്യം നിലം തുരക്കാന്‍ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികള്‍ കണ്ടെത്താനാകാതെ നിരവധി കുടുംബങ്ങളെ കഷ്ടപ്പെടുത്തേണ്ടതുണ്ടോ?

വാട്ടര്‍ അതോറിറ്റിയുടെ മൂക്കിന്‌ താഴെയുള്ള പ്രദേശത്താണ്‌ ഇത്‌ സംഭവിക്കുന്നതെന്ന്‌ ഓര്‍ക്കണം. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ മ്ന്ത്രിയടക്കം ഉത്തരവാദിത്തബോധമുള്ള ആരും എന്തുകൊണ്ട്‌ പ്രശ്നത്തില്‍ ഇടപെടുന്നില്ല. ഇതൊരു സാധാരണ സര്‍ക്കാര്‍ കാര്യമായി കാണേണ്ട പ്രശ്നമല്ല. നാട്ടുകാര്‍ തീവ്രനടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പണി എത്രനാളത്തേക്കും നീട്ടാമെന്ന ചിന്തയുണ്ടോ? എന്ത്‌ കൊണ്ട്‌ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥിതിയുടെ ഗൗരവം തിരിച്ചറിയാന്‍ കഴിയുന്നില്ല? യന്ത്രഭാഗം ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുമെന്ന്‌ മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൈകൊണ്ട്‌ സ്വീകരിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. കസ്സംസ്‌ ക്ലിയറന്‍സ്‌ ഉടന്‍ നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിയില്ലേ? സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അവിടെ എന്താണ്‌ ചെയുന്നത്‌? ഡല്‍ഹിയില്‍ വരുന്ന മന്ത്രിമാരുടെയും വിഐപികളുടെയും കാര്യങ്ങള്‍ നോക്കുക മാത്രമാണോ ഇവരുടെ ചുമതല? ഇവരില്‍ ആര്‍ക്കെങ്കിലും ഇറക്കുമതി ചെയ്ത യന്ത്രഭാഗം യഥാസമയം ജലഅതോറിറ്റിക്ക്‌ എത്തിക്കാന്‍ കഴിയില്ലേ? എത്ര കഷ്ടപ്പെട്ടാലും ജനങ്ങള്‍ക്ക്‌ കാര്യമില്ല എന്ന ബ്യൂറോക്രാറ്റിക്‌ മനോഭാവമാണ്‌ ഇത്‌ കാണിക്കുന്നത്‌. ഒരു പ്രദേശത്തെ മുഴുവന്‍ വീട്ടുകാരെയും ബന്ദികളാക്കിയ പൈപ്പിടല്‍ അനിശ്ചിതമായി വൈകുന്നതിന്‌ ഇതല്ലാതെ മറ്റൊരു വിശദീകരണവുമില്ല.

പൈപ്പിടാന്‍ കരാര്‍ എടുത്ത കമ്പനി വീടുകള്‍ക്ക്‌ മുന്നില്‍ പൈപ്പ്‌ ഇട്ട് സ്ഥലം വിട്ടെങ്കിലും മൂന്ന്‌ മാസമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. നാട്ടുകാരുടെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെയാണ്‌ ഇവര്‍ ഉണര്‍ന്നത്‌. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ നിലം കുഴിക്കലും പൈപ്പിടലും സ്ഥിരം ജോലിയാണ്‌. മാസങ്ങളോളം ഒരു യന്ത്രം തകരാറിലാകുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആനയറയില്‍ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട്‌ ജനങ്ങളെ വിഡ്ഡികളാക്കുന്ന വാദങ്ങളാണ്‌ വാട്ടര്‍ അതോറിറ്റി ജനങ്ങളുടെ മുന്‍പില്‍ വിളമ്പുന്നത്. തികഞ്ഞ കെടുകാര്യസ്ഥതയ്ക്കൊപ്പം നിരുത്തരവാദിത്തവും കൂടിയായപ്പോള്‍ നാട്ടുകാര്‍ ഇനി എന്ത് എന്ന ചോദ്യമാണുയര്‍ത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News