ചുവക്കുന്ന നീലാകാശം
ചുരത്തുന്ന രക്തം പോലെ
പരക്കുന്നു പച്ചപ്പിൻമേൽ
അഗ്നി മേഘങ്ങൾ
മനുഷ്യനാം ശിശുവിനെ
കിടത്തുവാൻ കാലം തീർത്ത
മൃദു വായു കുമിളയിൽ
തുള വീഴ്ത്തുന്നു.
അതിരുകൾ വരയ്ക്കുമ്പോൾ
അതുവരെ സഹോദരൻ
അറിയാത്ത രിപുവായി
അന്യനാകുന്നു ?
അപരന്റെ തല വെട്ടി
അതും കൊണ്ട് ചെന്നീടേണം
പെരുമുല പെണ്ണായ് വാഴും
ഹൂറിയെക്കാണാൻ
മനസ്സിന് മതിൽ കെട്ടി
മനുഷ്യനെ തരം തിരി –
ചിറച്ചിയായ് വിൽക്കുന്നുണ്ടീ
മത കശാപ്പുകാർ
മനസ്സിന് മതിലില്ലാ
മനുഷ്യനായ് വരവേല്ക്കൂ
പുതു യുഗ പുലരിപ്പൂ
സുപ്രഭാതങ്ങൾ !
