ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ജോലി ചെയ്യുന്നവരും നിലവിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുമായ പ്രവാസികൾക്ക് ആശ്വാസവുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ സുപ്രധാന തീരുമാനം. ഇതുപ്രകാരം, രാജ്യത്തിന് പുറത്തായിരുന്നപ്പോൾ വിസ കാലാവധി കഴിഞ്ഞ താമസക്കാർക്ക് ഇനി പിഴയില്ലാതെ മടങ്ങാം. അടുത്തിടെ വിമാനങ്ങൾ റദ്ദാക്കിയതിനാലും വ്യോമാതിർത്തി അടച്ചതിനാലും കൃത്യസമയത്ത് മടങ്ങാൻ കഴിയാത്തവര്‍ക്ക് ഇതൊരു ശുഭ വാര്‍ത്തയാണ്.
ഈ നിയമം കൊണ്ട് പ്രയോജനം ലഭിക്കുന്നവര്‍:
- 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ വിദേശത്തായിരുന്നപ്പോൾ റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ട പ്രവാസികൾക്കാണ് ഈ നിയമം ബാധകം.
- യോഗ്യരായ താമസക്കാർക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ തന്നെ 2026 മാർച്ച് 31 വരെ രാജ്യത്ത് വീണ്ടും പ്രവേശിക്കാം.
- വിമാന യാത്രയ്ക്കായി ചെക്ക് ഇൻ ചെയ്യുമ്പോൾ യാത്രക്കാർ അവരുടെ പഴയ എമിറേറ്റ്സ് ഐഡിയോ താമസ വിസയുടെ ഡിജിറ്റൽ പകർപ്പോ എയർലൈനുകളെ കാണിക്കേണ്ടതുണ്ട്.
- എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയ എല്ലാ പ്രമുഖ വിമാനക്കമ്പനികൾക്കും ഈ പുതിയ നിയമം അനുസരിച്ച് യാത്രക്കാരെ കയറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ ഗ്രേസ് കാലയളവിൽ മടങ്ങിയെത്തുന്നവരിൽ നിന്ന് അധിക താമസ പിഴ ഈടാക്കില്ലെന്ന് ഐസിപി അറിയിച്ചു. 2026 മാർച്ച് 31 ന് മുമ്പ് മടങ്ങിയെത്തുന്ന യോഗ്യരായ താമസക്കാർക്ക് എൻട്രി പെർമിറ്റ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിൽ എത്തിക്കഴിഞ്ഞാൽ, പ്രവാസികൾ സാധാരണ പ്രക്രിയയിലൂടെ വിസകളും എമിറേറ്റ്സ് ഐഡികളും പുതുക്കേണ്ടതുണ്ട്, സാധാരണ പുതുക്കൽ ഫീസ് മാത്രം. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഐസിപി സ്മാർട്ട് സിസ്റ്റവും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
