കോഴിക്കോട്: റമദാനിന്റെ ആത്മീയ ചൈതന്യം പങ്കുവെക്കുന്നതിനും ആരോഗ്യപ്രവർത്തകർക്കിടയിൽ സൗഹൃദം പുതുക്കുന്നതിനുമായി എത്തിക്കൽ മെഡിക്കൽ ഫോറം (EMF) കേരളയുടെ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലായി നടന്ന നാല് പ്രധാന പരിപാടികളിൽ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
മലപ്പുറം, മഞ്ചേരി സംഗമങ്ങൾ
മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ പാതൈക്കരയിലെ ഹിലാൽ ക്യാമ്പസിൽ നടന്ന സംഗമം EMF പ്രസിഡന്റ് ഡോ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ എലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ എ.ടി. ‘തർബിയത്ത് ടോക്ക്’ അവതരിപ്പിച്ചു. മുഖ്യപ്രഭാഷകൻ നാസർ ചെറുകര ഖുർആന്റെ മാർഗ്ഗദർശനത്തെക്കുറിച്ച് സംസാരിച്ചു. ഏകദേശം 130-ഓളം പേർ ഈ പരിപാടിയിൽ സംബന്ധിച്ചു.
മഞ്ചേരിയിൽ നടന്ന സംഗമത്തിൽ വിദ്യാർത്ഥികളടക്കം നൂറോളം പേർ പങ്കെടുത്തു. നാസർ ചെറുകര റമദാൻ സന്ദേശം നൽകി. മെഡിക്കൽ വിദ്യാർത്ഥികളായ അസ്ലഹ, ഹിഷാം, ഫഹീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊല്ലം ഇഫ്താർ സംഗമം
കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന സംഗമത്തിന് ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സൈജു ഹമീദ് അധ്യക്ഷത വഹിച്ചു. സിറ്റി മസ്ജിദ് ഇമാം എസ്. ഷെരീഫ് റമദാൻ സന്ദേശം നൽകി. പ്രമുഖ ഡോക്ടർമാരായ എ. ഷഫീഖ്, ജാലിസ ബീഗം, സജ്ജാദ് എസ്., ഷഹാന കെ. മുഹമ്മദ് എന്നിവരും ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി എസ്. സലാഹുദ്ദീൻ, അനീഷ് യൂസുഫ് എന്നിവരും സംസാരിച്ചു. ട്രാവൻകൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
കണ്ണൂർ സംഗമം
കണ്ണൂർ ചാപ്റ്ററിന്റെ ഇഫ്താർ മീറ്റിൽ ഡോക്ടർമാരും കുടുംബാംഗങ്ങളുമടക്കം അമ്പതോളം പേർ പങ്കെടുത്തു. മുഹമ്മദ് മഖ്ബൂൽ ഇഫ്താർ സന്ദേശം നൽകി. ഡോ. സലിം, ഡോ. നിസാമുദ്ദീൻ, ഡോ. അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു.
വ്യത്യസ്തമായ പരിപാടികളിലൂടെ റമദാനിന്റെ സന്ദേശം ആരോഗ്യമേഖലയിലുള്ളവരിലേക്ക് എത്തിക്കാൻ ഈ സംഗമങ്ങൾ സഹായകമായതായി സംഘാടകർ അറിയിച്ചു.
