തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ദിരാ ഗ്യാരണ്ടിയുടെ പേരില്‍ യുഡിഎഫ് വിതരണം ചെയ്ത ലഘുലേഖകളില്‍ വ്യക്തിഗത വിവരശേഖരണം നടത്തിയത് വിവാദത്തിലായി. വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ കെപിസിസി പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ലഘുലേഖകളുടെ മറവിൽ വോട്ടർമാരുടെ പേരുകൾ, പ്രായം, ഫോൺ നമ്പറുകൾ, മണ്ഡലങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ഈ വിവരശേഖരണത്തെ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങളുമായോ ആനുകൂല്യങ്ങളുമായോ ബന്ധിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി കമ്മീഷൻ കണ്ടെത്തി.
ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷന്‍ 123 പ്രകാരം ‘അഴിമതി പ്രവർത്തനങ്ങൾ’ ആയി കണക്കാക്കാവുന്ന കുറ്റമാണെന്ന് നോട്ടീസിൽ പറയുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഓഫീസിൽ സമർപ്പിക്കാത്തതിൽ ഗുരുതരമായ വീഴ്ചയും കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലഘുലേഖയുടെ അച്ചടിയും വിതരണവും, വോട്ടർ ഡാറ്റ ശേഖരിക്കുന്നതിന്റെ ഉദ്ദേശ്യവും വിശദീകരിച്ച് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മറുപടി തൃപ്തികരമല്ലെങ്കിൽ, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കെപിസിസിക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് പുറപ്പെടുവിച്ച നോട്ടീസിൽ കമ്മീഷൻ വളരെ ഗൗരവമേറിയ ഭാഷയിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
