എടത്വ: വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം നടത്തി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് തലവടി കൃഷി ഭവൻ ഉപരോധിച്ചത്.
110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിംഗ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു.
പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍, ഡോ. ജോൺസൺ വി ഇടിക്കുള, ശ്രീകല നായർ, സാം തോമസ്, ശ്രീദാസ് വി, എൻ ഗോപിനാഥൻ ,രജീഷ് കുമാർ പൊയ്യാലുമാലിൽ, ചെറിയാൻ ജോർജ്ജ്, ബാബു ചെറിയാൻ, രമേശൻ, ചാക്കോ മാത്യു, സി. കെ ഹരിദാസ്, എ.ഒ ഗീവർഗ്ഗീസ്, റെജി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഓഫീസർ സ്നേഹയ്ക്ക് നിവേദനം നല്‍കി. തോമസ് കെ തോമസ് എംഎൽഎ കൃഷി ഓഫിസർ സ്നേഹയെ ഫോണില്‍ ബന്ധപ്പെട്ടു. എടത്വ പോലീസ് എത്തുകയും കൃഷി ഓഫിസറും സമിതി ഭാരവാഹികളുമായി ചർച്ച നടത്തുകയും ചെയ്തു. അടിയന്തിര നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. വിളവെടുപ്പ് നടത്തിയിട്ടുള്ള ഒട്ടേറെ പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാതെ കിടക്കുകയാണ്.


