വാല്‍‌പ്പാറ ടെമ്പോ ട്രാവലര്‍ അപകടം ഡ്രൈവറുടെ പരിചയക്കുറവു മൂലം: പൊള്ളാച്ചി ആര്‍ ടി ഒ

വാൽപ്പാറ: വാൽപ്പാറയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പൊള്ളാച്ചി ആർടിഒ സെഞ്ചഴിയൻ പറഞ്ഞു. ഡ്രൈവർ അമിതമായി ബ്രേക്ക് ഉപയോഗിച്ചതും അപകടത്തിന് ഒരു കാരണമാണ്. മോശം കാലാവസ്ഥയോ മോശം ദൃശ്യപരതയോ ഉണ്ടായിരുന്നില്ലെന്നും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും ആർടിഒ വ്യക്തമാക്കി.

മലപ്പുറത്തെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറാണ് നിയന്ത്രണം നഷ്ടപ്പെട്ട് വാൽപ്പാറ-പൊള്ളാച്ചി ചുരം റോഡിൽ 800 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനും ഉൾപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.20 നാണ് അപകടമുണ്ടായത്. 40 ഹെയർപിൻ വളവുകളുള്ള വഴിയിൽ തിരികെ വരുമ്പോൾ, പതിമൂന്നാം വളവിൽ വാൻ നിയന്ത്രണം വിട്ട് ഗാർഡ് റെയിലിൽ ഇടിച്ച് ഒമ്പതാം ഹെയർപിൻ വളവിൽ മറിയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ സ്കൂളിൽ നിന്ന് വിനോദയാത്ര പോയതായിരുന്നു ഇവർ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള KL 11 AM 7288 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഒരു ട്രാവലറിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്. സംഘത്തിൽ രണ്ട് കുട്ടികളുണ്ടായിരുന്നു. ആതിരപ്പിള്ളിയിലെത്തിയ ശേഷം അവർ മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് പോയി. വാൽപ്പാറയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Leave a Comment

More News