നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയുടെ കാമുകന്‍ അഷ്ക്കറിനെതിരെ എസ്‌സി/എസ്ടി നിയമം കൂടി ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ കർശന വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കേസിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാറിനാണ് അന്വേഷണത്തിന്റെ പൂർണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ മറ്റ് അടുത്ത ബന്ധുക്കളുടെ വിശദമായ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും.

അതേസമയം, കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ഡോക്ടർമാരുടെ പരിശോധനയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മനുഷ്യ മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് അതിലുള്ളത്. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. കൂടാതെ, ബൂട്ട് ഉപയോഗിച്ച് നെഞ്ചിൽ ചവിട്ടേറ്റതിനെ തുടർന്ന് ഏഴ് വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. തലയ്ക്ക് ഗുരുതരമായ പരിക്ക്, ഗുരുതരമായ വീക്കം, തലച്ചോറിലെ ആന്തരിക രക്തസ്രാവം എന്നിവയാണ് കുഞ്ഞിന്റെ ദാരുണമായ മരണത്തിന് കാരണമായത്.

പോലീസിന് നൽകിയ ആദ്യ മൊഴിയിൽ, ഒന്നര വയസ്സുള്ള കുട്ടി തങ്ങളുടെ ഭാവിക്ക് ഒരു വലിയ തടസ്സമാകുമെന്ന് കരുതി കുട്ടിയെ ക്രൂരമായി മർദ്ദിച്ചതായി അമ്മയുടെ പങ്കാളിയായ അഷ്കർ സമ്മതിച്ചു. ക്രൂരമായ മർദ്ദനത്തിൽ കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞു. കുട്ടി അബദ്ധത്തിൽ പടിക്കെട്ടിൽ നിന്ന് വീണതാണെന്ന് പോലീസിനെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ പ്രതി ആദ്യം ശ്രമിച്ചെങ്കിലും, ഇൻക്വസ്റ്റ് നടപടിക്രമങ്ങൾക്കിടെ പ്രതി ബലപ്രയോഗത്തിലൂടെ കൈകൾ ഒടിച്ചതായി പോലീസ് സംശയിച്ചിരുന്നു.

ഒന്നാം പ്രതിയായ അഷ്കർ ദിവസങ്ങളായി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, സ്വന്തം അമ്മ അഖിലയ്ക്ക് ഇതിനെക്കുറിച്ച് പൂർണ്ണമായി അറിയാമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, കുട്ടിയെ ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കൽ മുതലായ അതിക്രമങ്ങളെല്ലാം മറച്ചു വെക്കാൻ ശ്രമിച്ചതിന് അമ്മ അഖിലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. വരും ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് തീരുമാനിച്ചു.

Leave a Comment

More News