ചോദ്യപേപ്പർ മാറ്റി; ഉച്ചയ്ക്ക് 2 മണിക്ക് നടത്താനിരുന്ന പിഎസ്‌സി പരീക്ഷ ഒരു മണിക്ക് റദ്ദാക്കി

ആലപ്പുഴ: പരീക്ഷയുടെ ചോദ്യപേപ്പർ മാറ്റിയതിനെ തുടർന്ന് പി.എസ്.സി പരീക്ഷ മാറ്റി വെച്ചു. ആലപ്പുഴ ലജനത്ത് സ്കൂളിൽ നടന്ന പരീക്ഷയിൽ ചോദ്യ പേപ്പർ മാറ്റി നല്‍കിയതാണ് റദ്ദാക്കാന്‍ കാരണം. സാങ്കേതിക കാരണങ്ങളാൽ ഉച്ചയ്ക്ക് 2 മണിക്ക് നടത്താനിരുന്ന പരീക്ഷ ഉച്ചയ്ക്ക് 1 മണിക്ക് റദ്ദാക്കിയതായി പി.എസ്.സി അറിയിച്ചു.

രാവിലെ പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പർ ഉച്ചകഴിഞ്ഞുള്ള പരീക്ഷയുടേതായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയാണ് നടത്താനിരുന്നത്. ചോദ്യ പേപ്പര്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് സംസ്ഥാനമൊട്ടാകെ നടക്കാനിരുന്ന എൽ.ജി.എസ്, സ്റ്റോര്‍ ക്ലാര്‍ക്ക് പരീക്ഷകളാണ് റദ്ദാക്കിയത്.

പി.എസ്.സി വിശദീകരണവുമായി രംഗത്തെത്തി. കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് നിയമന പരീക്ഷകൾ ഉൾപ്പെടെയുള്ള പരീക്ഷയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ആലപ്പുഴയിലെ ഒരു കേന്ദ്രത്തിൽ ചോദ്യ പേപ്പർ മാറിയതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പി.എസ്.സിയുടെ വിശദീകരണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദൂര കേന്ദ്രങ്ങളിൽ നിന്നുപോലും കൃത്യസമയത്ത് പരീക്ഷ എഴുതാൻ മണിക്കൂറുകളോളം യാത്ര ചെയ്ത ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ ഈ ഗുരുതരമായ വീഴ്ച കാരണം ദുരിതത്തിലായി. പരീക്ഷാ ഹാളിൽ പ്രവേശിച്ചതിന് ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അവര്‍ അറിഞ്ഞത്.

പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്ത തങ്ങളുടെ മാനസിക മനോവീര്യം കെടുത്തുന്നതാണ് പി.എസ്.സിയുടെ നടപടിയെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. പ്ലാനിംഗ് ബോർഡ് പരീക്ഷാ മൂല്യനിർണ്ണയത്തെക്കുറിച്ച് പി.എസ്.സി ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സുരക്ഷാ വീഴ്ച സംഭവിച്ചത്. ചോദ്യപേപ്പർ കൈകാര്യം ചെയ്തതിലെ ഈ അശ്രദ്ധയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

More News