‘കാലം സാക്ഷി’! ‘തുറന്നിട്ട വാതിലി’ലൂടെ നോക്കൂ.. അവിടെ ഒരു ജനക്കൂട്ടത്തെ കാണുന്നില്ലേ… ഉമ്മൻചാണ്ടി അവിടെയുണ്ട്. അതായിരുന്നു 53 വർഷത്തെ അവസ്ഥ.
2023 ജൂലൈ 18ന് നനഞ്ഞ കണ്ണുകളും ഇടറുന്ന നെഞ്ചുമായ് പെരുമഴയിലും പാതിരാത്രിയിലും പൊതു നിരത്തിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അചേതന ശരീരം ഒരുനോക്കു കാണുവാൻ…. അന്ത്യയാത്രയും ജനനിബിഡമായിരുന്നു.
1970കളിൽ ഞങ്ങൾ ഉശിരോടെ ഏറ്റു വിളിച്ച മുദ്രാവാക്യത്തിലെ ആദർശ രാഷ്ട്രീയ നായകന്മാരിൽ ഒരാൾ, കേരളം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം വിടവാങ്ങി …എന്റെ ഹൃദയം നീറുകയായിരുന്നു. ചാറ്റൽ മഴയിലും ഉരുകുകയായിരുന്നു.
ഒരു പൊതുപ്രവർത്തകനു വേണ്ടതായ പാഠങ്ങൾ തുറന്നു വച്ച ആ ജീവിതപുസ്തകത്തിൽ ഉണ്ടായിരുന്നു. ആ ചടുലതയും എളിമയും സഹായ സന്നദ്ധതയും സംയമനവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയങ്കരനായ നേതാവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യത്തോട് സമരസപ്പെടുന്ന മനസ്സ്.. ജനിച്ചാൽ മരണം ഉറപ്പ് എന്ന ബോധ്യം.
ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല അവിടെ തടിച്ചു കൂടിയിരിക്കുന്നത്. സ്ത്രീ-പുരുഷ, വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാ വിഭാഗവും ആ കൂട്ടത്തിൽ ഉണ്ട്. അശ്രുപൂജയാണല്ലോ മാനവികതയെ മാനിക്കുന്നവനു കൊടുക്കാവുന്ന ഏറ്റവും ഹൃദ്യമായ അന്ത്യോപചാരം.
കേരളം കണ്ട ഇതിഹാസനായകരിൽ അഗ്രകണ്യനായിരുന്നു ഉമ്മൻചാണ്ടി. പതിവ് രാഷ്ട്രീയ ശൈലിയിൽ നിന്നും വിഭിന്നമായി കരുണാമയമായ ഒരു രാഷ്ട്രീയ സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയ മഹാമനസ്കനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. അധികാരം ആഡംബരമല്ലെന്നും ആർഭാടമല്ലെന്നും തന്റെ ജീവിതം കൊണ്ട് സാധാരണക്കാരിൽ ബോധ്യമുണ്ടാക്കിയ ജനകീയനായ മുഖ്യമന്ത്രി. ഭരണത്തിന്റെ സുഖസൗകര്യങ്ങളിൽ അഭിരമിക്കാൻ അവസരം ഉണ്ടായിട്ടും പരിത്യാഗത്തിന്റെ പരുക്കൻ പാത തെരഞ്ഞെടുത്ത ആ നിസ്വത കേരളത്തിന് അപരിചിതമായിരുന്നു.
ചുറ്റും മതിലും പാറാവുമായി സ്വകാര്യതയുടെ കെട്ടുറപ്പ് വർദ്ധിപ്പിക്കുന്ന അധികാര വർഗ്ഗത്തിന്റെ ജാഡകൾ ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനനായകൻ. മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുന്ന വിരോധവും വിദ്വേഷവും ഉൾക്കൊള്ളാൻ കഴിയാത്ത വലിയ മനസ്സായിരുന്നു അദ്ദേഹത്തിന്റെത്. ആർക്കും എപ്പോഴും സ്വതന്ത്രമായി കയറിച്ചെല്ലാവുന്ന ഒരു പൊതു ഇടം എന്നതിനപ്പുറം അദ്ദേഹത്തിന്റെ ഓഫീസിലും വാസസ്ഥലത്തും സുരക്ഷാ തടസ്സങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ഏതൊരാൾക്കും ആവലാതികളും ആകുലതകളും പരാതികളും സങ്കടങ്ങളും ഇറക്കി വയ്ക്കുവാൻ അത്താണിയായി, ആശ്രയമായി മാറിയ ഒരു അസാധാരണ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടി. മനസ്സുണ്ടെങ്കിൽ ആർക്കും ആരെയും സഹായിക്കാൻ കഴിയും എന്ന് തെളിയിച്ച സമാനതകളില്ലാത്ത സഹൃദയനായിരുന്നു ഉമ്മൻചാണ്ടി. പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും കാണിച്ച ക്ഷമയും ആത്മാർത്ഥതയും എല്ലാ ഭരണാധികാരികൾക്കും പരീക്ഷിക്കാവുന്ന സമന്വയങ്ങളാണ്.
1991-94 കാലഘട്ടത്തിൽ അദ്ദേഹം കേരളത്തിന്റെ ധനകാര്യ മന്ത്രി ആയിരിക്കുമ്പോൾ 1992ലാണ് കുലയിടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സർക്കാർ ഏറ്റെടുത്തത്. കുലയിടത്തെ ജനങ്ങൾക്ക് കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനമായിരുന്നു അത്. 1978 മുതൽ പമ്പിങ്ങ് തുടങ്ങിയ ഇറിഗേഷൻ പദ്ധതിയുടെ വൈദ്യുതി ചാർജ് അടച്ചിരുന്നത് ജനങ്ങളിൽ നിന്നും കരം പിരിച്ചു കൊണ്ടായിരുന്നു. പദ്ധതി സർക്കാർ ഏറ്റെടുത്തതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമായി.
കാലം സാക്ഷി എന്ന പേരിൽ പ്രസിദ്ധീകരിച്ച, ഉമ്മൻചാണ്ടിയുടെ ആത്മകഥാകാരനായ മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹവുമായി പങ്കു വെച്ച ഒരു ആത്മാംശം ഇവിടെ കുറിക്കുകയാണ്. ഉമ്മൻ ചാണ്ടി കേരളത്തിന്റെ ധനകാര്യ മന്ത്രി ആയിരിക്കുമ്പോൾ (1991-94) 1993ലെ സ്വാതന്ത്ര്യദിന പരേഡിൽ പത്തനംതിട്ട ജില്ലയുടെ ചുമതല ഉണ്ടായിരുന്ന മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. രാവിലെ 8 മണിക്കാണ് ചടങ്ങ്. പതി വുപോലെ സന്ദർശകർ വെളുപ്പാൻ കാലത്ത് പുതുപ്പള്ളിയിലെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. അവരെയൊക്കെ കണ്ട് പരാതികൾ കേട്ട് ഏഴുമണിക്ക് അഞ്ചു മിനിറ്റുള്ളപ്പോഴാണ് അദ്ദേഹം ഡ്രസ്സ് മാറ്റാൻ എഴുനേറ്റത്. കാണാൻ നിൽക്കുന്ന ബാക്കിയുള്ളവരോട് ഒമ്പതുമണിക്ക് തിരിച്ചെത്തും എന്ന ഉറപ്പും നൽകി തിടുക്കപ്പെട്ടു ഡ്രസ്സ് മാറ്റുവാൻ ഷർട്ട് കൈയിലെടുത്തപ്പോൾ ആകെ കരിമ്പൻ കുത്തിയ ഷർട്ടാണ് കൊണ്ടുവന്നിരിക്കുന്നത്. ഒരു തരത്തിലും ധരിക്കാൻ പറ്റാത്ത കോലം. ഇനിയെന്തു ചെയ്യും. അദ്ദേഹം ചുറ്റും കണ്ണോടിച്ചപ്പോൾ അദ്ദേഹത്തിന് ഒരു വിധം പാകമാകാവുന്ന വെള്ള ഷർട്ട് ഇട്ട ഒരു ഒരു പ്രവർത്തകൻ, മാത്യു ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ആളെ നിർബന്ധപൂർവ്വം വിളിച്ച് വണ്ടിയിൽ കേറ്റി കൂടെ കൊണ്ടുപോയി. മാത്യുവിനോട് ഷർട്ട് അഴിച്ചുമാറ്റിച്ച് വാങ്ങി ഉമ്മൻചാണ്ടി ധരിച്ചു. കരിമ്പനടിച്ച ഷർട്ട് മാത്യുവിനു നൽകി അദ്ദേഹത്തെ വണ്ടിയിൽ തന്നെ ഇരുത്തി. ചടങ്ങ് കഴിഞ്ഞ് തിരിച്ചുവന്ന് വണ്ടിയിൽ കയറി ആ ഷർട്ട് മാറ്റി ഉടമയ്ക്ക് കൊടുത്തു കരിമ്പൻ കുത്തിയ ഷർട്ട് അദ്ദേഹം ധരിച്ചു. മറ്റുള്ളരിലുള്ള സ്വാധീനം സ്നേഹം കൊണ്ട് നേടിയതാണ്.
ജീവിതത്തിൽ തിരക്കൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. തിരക്കിൽ ആരെയും മറന്നിട്ടുമില്ല. ഷർട്ടിന്റെ പോക്കറ്റിൽ എപ്പോഴും സൂക്ഷിച്ചിരുന്ന ചെറിയ ഡയറിയായിരുന്നു കരുതലിന്റെ താക്കോൽ.
അദ്ദേഹത്തിന്റെ ദീപ്ത സ്മരണകളിൽ ഹൃദയാഞ്ജലി
ഷാഹുൽ പണിക്കവീട്ടിൽ
