ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി .
ആധുനിക ഖത്തറിന്റെ ശില്പിയായി അറിയപ്പെട്ട അദ്ദേഹം ദീർഘവീക്ഷണവും ദൃഢനിശ്ചയവും നിറഞ്ഞ നേതൃത്വത്തിലൂടെ ഖത്തറിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ വികസനത്തിന്റെ മാതൃകയാക്കി ഉയർത്തി. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, മാധ്യമരംഗം, കായികം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള നേതൃത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹം നൽകിയ പിന്തുണയും, ഇന്ത്യൻ സമൂഹത്തോട് പുലർത്തിയ സൗഹൃദപരമായ സമീപനവും എന്നും നന്ദിയോടെ ഓർക്കപ്പെടുന്നതാണ്. ഖത്തർ–ഇന്ത്യ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു.
ഈ ദുഃഖവേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും, രാജകുടുംബത്തിനും, ഖത്തർ ജനതയ്ക്കും CIC Qatar-ന്റെ പേരിൽ അഗാധമായ അനുശോചനം അറിയിക്കുന്നു.
കാരുണ്യവാനായ തമ്പുരാൻ അദ്ദേഹത്തെ പരലോകത്ത് ഉയർന്ന പദവികൾ നൽകി അനുഗ്രഹിക്കുകയും കുടുംബാംഗങ്ങൾക്കും ഖത്തർ ജനതയ്ക്കും ക്ഷമയും സമാധാനവും നൽകുകയും ചെയ്യുമാറാകട്ടെ എന്നും പ്രസ്താവന തുടർന്നു.

