ഖത്തർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികളുടെ ഭാഗമായി അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പ്രവാസി പെൻഷൻ വിതരണം വൈകുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതായി യുവകലാസാഹിതി ഖത്തർ അഭിപ്രായപ്പെട്ടു.
ജീവിതകാലം മുഴുവൻ വിദേശത്ത് അധ്വാനിച്ച് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിലപ്പെട്ട സംഭാവന നൽകിയ ആയിരക്കണക്കിന് പ്രവാസികളും അവരുടെ കുടുംബങ്ങളും പെൻഷൻ തുകയെ ആശ്രയിച്ചാണ് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിൽ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്ന സാഹചര്യം നിരവധി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, അർഹത നേടിയവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ യാതൊരു കാലതാമസവും കൂടാതെ വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുടിശ്ശികയായ എല്ലാ പെൻഷൻ തുകയും എത്രയും വേഗം വിതരണം ചെയ്യുകയും, ഭാവിയിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും വേണം.
പ്രവാസികളുടെ ക്ഷേമപദ്ധതികൾ വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ കാര്യക്ഷമമായി നടപ്പാക്കപ്പെടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി പെൻഷൻ വിതരണം പുനഃസ്ഥാപിക്കണമെന്ന് യുവകലാസാഹിതി ഖത്തർ ആവശ്യപ്പെട്ടു.
