ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ ഫെസ്റ്റിവലിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

വെസ്റ്റ് സസെക്സ്: ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിൽ നടന്ന പ്രമുഖ ക്രിസ്ത്യൻ സംഗീത-ആരാധനാ ഫെസ്റ്റിവലിനിടെ വലിയ സൈൻബോർഡ് തകർന്നുവീണ് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെ വെസ്റ്റ് സസെക്സിലെ സ്റ്റെയ്‌നിങ്ങിന് സമീപമുള്ള വിസ്റ്റൺ പാർക്കിൽ നടന്ന ബിഗ് ചർച്ച് ഫെസ്റ്റിവലിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ശക്തമായ കാറ്റിനിടെ വലിയ സൈൻബോർഡ് തകർന്നുവീണ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കിടയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ ഈസ്റ്റ്‌ബോൺ സ്വദേശിയായ 41 വയസ്സുകാരൻ മരിച്ചു. പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് എമർജൻസി സർവീസ് വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസ് ജീവനക്കാർ, വിദഗ്ധ മെഡിക്കൽ സംഘങ്ങൾ, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അപകടത്തെ തുടർന്ന് 2026ലെ ബിഗ് ചർച്ച് ഫെസ്റ്റിവൽ അവസാനിപ്പിച്ചതായി സംഘാടകർ അറിയിച്ചു. ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്ന സന്ദർശകരോട് പ്രദേശം ഒഴിയാനും ക്യാമ്പ് ചെയ്തിരുന്നവരോട് ക്യാമ്പ് സൈറ്റുകളിലേക്ക് മടങ്ങാനും നിർദേശം നൽകി.

2009ൽ ആരംഭിച്ച ബിഗ് ചർച്ച് ഫെസ്റ്റിവൽ ബ്രിട്ടനിലെ പ്രധാന ക്രിസ്ത്യൻ സംഗീത-ആരാധനാ ഉത്സവങ്ങളിലൊന്നാണ്. ബിഗ് ചർച്ച് ഫെസ്റ്റിവൽ ലിമിറ്റഡാണ് പരിപാടിയുടെ സംഘാടകർ.

Leave a Comment

More News