വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 15ാം വര്‍ഷത്തിലേക്ക്

ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും 2026 സെപ്റ്റംബര്‍ 12 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.

ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ ബസിലിക്ക തീര്‍ത്ഥാടന കേന്ദ്രത്തില്‍ (The Basilica Shrine of Our Lady of the Miraculous Medal; 500 E. Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു പതിനഞ്ചാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്.

സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. ജോണ്‍ കെറ്റല്‍ബര്‍ഗര്‍ സി. എം., സീറോമലബാര്‍പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാര്‍
എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.

കിഴക്കിന്‍റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ (Our Lady of Good Health) തിരുസ്വരൂപം 2012 ല്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജډദിനമായ സെപ്റ്റംബര്‍ എട്ടിനാണു ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ അന്നത്തെ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.

അന്നുമുതല്‍ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വര്‍ഷങ്ങളിലും ഈ തിരുനാള്‍ ആഘോഷമായി നടത്തിവരുന്നു. മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ഇതു നാലാം തവണയാണു വേളാങ്കണ്ണിമാതാവിന്‍റെ തിരുനാള്‍ ആഘോഷിക്കുന്നത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, രോഗിസൗഖ്യ പ്രാര്‍ത്ഥന, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണു തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.

സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ റവ. ഫാ. ജോണ്‍ കെറ്റല്‍ബര്‍ഗര്‍ സി. എം. എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും. സീറോ മലബാര്‍ ഇടവകയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്കു സുവര്‍ണാവസരം. ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.

സീറോ മലബാര്‍ ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരډാരായ സിബിച്ചന്‍ ചെമ്പ്ളായില്‍, ജോബി കൊച്ചുമുട്ടം, റോഷിന്‍ പ്ലാമൂട്ടില്‍, ജിതിന്‍ ജോണി, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവ തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ജോസ് തോമസ് ആണു തിരുനാളിന്‍റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍.

Leave a Comment

More News