തിരുവനന്തപുരം: ദസറ, പൂജ അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ 102 പ്രത്യേക ട്രെയിൻ യാത്രകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 93 പ്രത്യേക സർവീസുകൾ നടത്തിയ സ്ഥാനത്താണ് ഇത്തവണ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.സോളാപൂർ ഡിവിഷൻ വഴി പ്രഖ്യാപിച്ച പ്രത്യേക സർവീസുകൾ മുംബൈ, ചെന്നൈ, ലാത്തൂർ, കോലാപ്പൂർ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും. കേരളത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലും അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്കുള്ള പ്രത്യേക ട്രെയിൻ ഒക്ടോബർ 19ന് രാത്രി 11.50ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ ഒക്ടോബർ 20ന് വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ഒക്ടോബർ 21ന് രാവിലെ 11.35ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
ബെംഗളൂരു കന്റോൺമെന്റിൽനിന്ന് ഒക്ടോബർ 16ന് വൈകിട്ട് 4.40ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തും. മടക്ക സർവീസ് ഒക്ടോബർ 17ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് ഒക്ടോബർ 18ന് രാവിലെ ആറിന് ബെംഗളൂരുവിലെത്തും.
പശ്ചിമ ബംഗാളിലെ സാന്ദ്രഗാച്ചിയിൽനിന്ന് ഒക്ടോബർ 18ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ ഒക്ടോബർ 20ന് രാവിലെ 9.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും.
തിരുവനന്തപുരം സെൻട്രൽ–മദാർ ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 21 മുതൽ നവംബർ 25 വരെ എല്ലാ ബുധനാഴ്ചകളിലും സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാവിലെ 11ന് മദാർ ജംഗ്ഷനിലെത്തും.
മടക്ക സർവീസ് ഒക്ടോബർ 24 മുതൽ നവംബർ 28 വരെ ശനിയാഴ്ചകളിലായിരിക്കും. മദാർ ജംഗ്ഷനിൽനിന്ന് രാത്രി 9.40ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ 12.45ന് തിരുവനന്തപുരം സെൻട്രലിലെത്തും.
എറണാകുളം ജംഗ്ഷനിൽനിന്ന് പട്ന ജംഗ്ഷനിലേക്കുള്ള പ്രത്യേക എക്സ്പ്രസ് ഒക്ടോബർ 2 മുതൽ 30 വരെ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 9.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ 3.30ന് പട്നയിലെത്തും.
പട്നയിൽനിന്നുള്ള മടക്ക സർവീസ് ഒക്ടോബർ 6 മുതൽ നവംബർ 3 വരെ ചൊവ്വാഴ്ചകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെ 12.10ന് പട്ന ജംഗ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച രാവിലെ 10.45ന് എറണാകുളം ജംഗ്ഷനിലെത്തും.
ഉത്സവകാലത്ത് ദീർഘദൂര യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും പ്രധാന റൂട്ടുകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനുമാണ് റെയിൽവേയുടെ നടപടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് പ്രത്യേക ട്രെയിൻ യാത്രകളാണ് ഇത്തവണ അധികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
