“വോട്ട്‌ ചോരി” ആരോപണങ്ങളിലെ പ്രതിഷേധത്തിന്‌ ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പിന്തുണ

ഫിലഡല്‍ഫിയ: ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്ന “വോട്ട്‌ ചോരി” ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐഒസി) പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രമേയം പാസാക്കി. തിരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും വോട്ടവകാശ സംരക്ഷണത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രസിഡന്റ്‌ സുമോദ്‌ നെല്ലിക്കാലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സാബു സ്കറിയ, സെക്രട്ടറി നൈനാന്‍ മത്തായി, ട്രഷറര്‍ തോമസ്‌കുട്ടി വര്‍ഗീസ്‌, ഫിലിപ്പോസ്‌ ചെറിയാന്‍, ജെയിംസ്‌ പീറ്റര്‍, ഷാജി സുകുമാരന്‍, സുധ കര്‍ത്ത, മോഡി ജേക്കബ്‌, ജോയ്‌ തട്ടാര്‍കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ്‌ ക്രമക്കേടുകളോ വോട്ടവകാശ ലംഘനങ്ങളോ നടന്നുവെന്ന ആരോപണങ്ങള്‍ ഗാരവത്തോടെ കാണണമെന്നും അവ സംബന്ധിച്ച്‌ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

“വോട്ട്‌ ചോരി” ആരോപണങ്ങളില്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി ജനാധിപത്യപരമായി നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക്‌ യോഗം പിന്തുണ പ്രഖ്യാപിച്ചു. വോട്ടവകാശം സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ്‌ സംവിധാനത്തിലുള്ള ജനവിശ്വാസം നിലനിര്‍ത്തുന്നതിനും ആവശ്യമായ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക്‌ നീതി തേടാനുള്ള അവസാന ആശ്രയം നീതിപീഠമാണെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ നീതിപീഠം ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ആരോപണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന്‌ അവര്‍ അഭ്യര്‍ത്ഥിച്ചു.

ജനാധിപത്യ മൂല്യങ്ങളും പരാവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ തുടര്‍ന്നും നിലകൊള്ളുമെന്ന്‌ യോഗം പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും അഹിംസയും പരസ്പര ബഹുമാനവും നിയമാനുസരണവും പാലിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Leave a Comment

More News