ഓണം സ്പെഷ്യല്‍: ഓലന്‍

ഓണ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌. ഉണ്ടാക്കാന്‍ വളരെ എളുപ്പവും എന്നാല്‍ രുചികരവുമാണ് ഓലന്‍.

ആവശ്യമുള്ള സാധനങ്ങള്‍:

കുമ്പളങ്ങ – അര കിലോ
ജീരകം – അര ടിസ്പൂണ്‍
വന്‍ പയര്‍ – അര കപ്പ്‌
പച്ചമുളക് – അഞ്ച്
ചുവന്നുള്ളി – എട്ട് അല്ലി
തേങ്ങ – അര മുറി
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ടു ടിസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു ചെറുതായിട്ട് നുറുക്കി എടുക്കണം (കുമ്പളങ്ങ എടുക്കുമ്പോള്‍ ഇളം കുമ്പളങ്ങ എടുക്കണം).

പയറ് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുത്തു വയ്ക്കുക (പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുത്തു കുക്കറില്‍ അടിച്ചു എടുത്താല്‍ എളുപ്പമാകും).

തേങ്ങ ചിരവി പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക. ഒന്നാം പാല്‍ മാറ്റിവയ്ക്കാം…ഇനി രണ്ടാം പാല്‍ കുമ്പളങ്ങ വേവാന്‍ ആവശ്യമായിട്ടുള്ള വെള്ളം ഒഴിച്ച് പിഴിഞ്ഞ് എടുക്കാം. എന്നിട്ട് കുമ്പളങ്ങയില്‍ ഈ രണ്ടാം പാല്‍ ഒഴിച്ച് ജീരകവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് വേവിച്ചു എടുക്കാം.

ഇനി വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് അരിഞ്ഞു എടുത്ത പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്ത് ഒന്നുകൂടി വെള്ളം എല്ലാം വറ്റിച്ചു എടുക്കണം. അത് കഴിഞ്ഞു ഇതിലേക്ക് വേവിച്ചു വച്ച പയര്‍ ചേര്‍ത്ത് ഇളക്കാം (തീ കുറച്ചു വയ്ക്കണം). പയര്‍ ചേര്‍ത്ത ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) ചേര്‍ത്ത് മിക്സ് ചെയ്യണം. ഇനി ഇതൊന്നു തിള വരുമ്പോള്‍ ഇതിലേക്ക് രണ്ടു ടിസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ഇളക്കിയതിനു ശേഷം ഇറക്കി വയ്ക്കണം. തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികനേരം തിളപ്പിക്കാന്‍ പാടില്ല. (എരിവിന് മുളകു പൊടി ചേര്‍ക്കരുത്. പച്ചമുളക് തന്നെ ചേര്‍ക്കണം)

അനുശ്രീ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News