ഫ്‌ളോറിഡയില്‍ പതിനഞ്ച് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചു നിയമം പാസാക്കി

തല്‍ഹാസി (ഫ്‌ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗര്‍ഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ഫ്‌ളോറിഡ സെനറ്റ് അംഗീകരിച്ചു. മാര്‍ച്ച് മൂന്നിനു നടന്ന വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഗവര്‍ണര്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

ടെക്‌സസില്‍ ഇതിനകം തന്നെ ഏഴ് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ഫ്‌ളോറിഡായിലെ നിയമത്തെ അനുകരിച്ച് അരിസോണയിലും വെസ്റ്റ് വെര്‍ജിനിയായിലും 15 ആഴ്ച ഗര്‍ഭചിദ്ര ബില്‍ നിരോധന നിയമത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിന് ഗവര്‍ണര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്.

ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷത്വരഹിതമാണെന്നു ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ഇതിനെ നിയമംകൊണ്ടു നിരോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

ടെക്‌സസില്‍ കര്‍ശനമായി നിയമം നടപ്പാക്കുന്നതുമൂലം അയല്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭചിദ്രത്തിനായി പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഫ്‌ളോറിഡ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുമെന്ന് ഉറപ്പാണെങ്കിലും ഇതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News