മൂന്നുവയസ്സുകാരന്‍ മകന്റെ വെടിയേറ്റ് 22കാരിയായ മാതാവിന് ദാരുണാന്ത്യം

ചിക്കാഗോ: ഡോള്‍ട്ടനിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന 22 വയസ്സുള്ള ഡീജാ ബെനറ്റ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസ്സുകാരന്‍ മകന്റെ തോക്കില്‍നിന്നും വെടിയേറ്റു മരിച്ചു.

മാര്‍ച്ച് 12 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഡ്രൈവര്‍ സീറ്റില്‍ മാതാവും പാസഞ്ചര്‍ സീറ്റില്‍ പിതാവും കയറിയിരുന്ന് വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഇതിനിടെ പുറകില്‍ കാര്‍ സീറ്റിലിരുന്ന മൂന്നു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ തോക്ക് എടുത്ത് കളിക്കുന്നതിനിടെയിലാണ് വെടിപൊട്ടിയത്.

പുറകില്‍ വെടിയേറ്റ മാതാവിനെ ഉടനെ ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. തോക്ക് തന്റേത് തന്നെയാണെന്ന് പിതാവ് സമ്മതിച്ചു.

സംഭവത്തില്‍ പിതാവിന്റെ പേരില്‍ കേസെടുക്കുമെന്ന് ഡോല്‍റ്റന്‍ പോലീസ് ചീഫ് പറഞ്ഞു. തോക്കിന് ലൈകന്‍സ് ഉണ്ടായിരുന്നതായും എന്നാല്‍ കറില്‍ സൂക്ഷിക്കുന്നതിനാവശ്യമായ (കണ്‍സീല്‍ഡ് കാരി പെര്‍മിറ്റ്) ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതൊരു ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

2020ല്‍ പതിനെട്ട് വയസ്സിനു താഴെയുളള കുട്ടികള്‍ മനപൂര്‍വ്വമല്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 142 മരണവും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ കൊല്ലപ്പെട്ട 154 പേരും പരിക്കേറ്റത് 244 പേരുമാണ്.

Print Friendly, PDF & Email

Leave a Comment

More News