ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിന്നും അനുവദിച്ചത് 1106.44 കോടിയുടെ ചികിത്സാ സഹായം

തിരുവനന്തപുരം: പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 മെയ് മുതല്‍ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നല്‍കിക്കഴിഞ്ഞു. കോവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിത്.

കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ചികിത്സാ സഹായം മികച്ച രീതിയില്‍ ലഭ്യമാക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനം കൂടിയാണിത്.

 

Print Friendly, PDF & Email

Leave a Comment

More News