കെ റെയില്‍: കേന്ദ്രത്തെ സ്വാധീനിക്കാൻ ഭൂമി ഏറ്റെടുക്കല്‍ തിടുക്കത്തിലാക്കിയെന്ന്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കൂട്ടിയത് കേന്ദ്രത്തെ സ്വാധീനിക്കാനാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്ന മുറയ്ക്ക് പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതമാകുമെന്നായിരുന്നു കെ റെയിൽ അധികൃതരുടെ നിലപാട്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സര്‍‌വ്വേ കല്ലുകളിട്ട് ഭൂമി അടയാളപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനായിരുന്നു എന്നാണ് വിദഗ്ദ്ഗര്‍ പറയുന്നത്.

റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് ആഘാത പഠനം ആവശ്യമാണ്. അംഗീകാരമില്ലാത്ത സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഇക്യുഎംഎസ് എന്ന സ്വകാര്യസ്ഥാപനത്തെയാണ് പരിസ്ഥിതി ആഘാതപഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.

റിപ്പോർട്ട് സമർപ്പിക്കാൻ 14 മാസത്തെ സമയമുണ്ട്. അടുത്ത ജനുവരിയിൽ പഠനം പൂർത്തിയാകാനിരിക്കെ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഹരിത ട്രൈബ്യൂണലിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതി നൽകിയ ഹർജിയിൽ സൂച്പ്പിച്ചിട്ടുണ്ട്. കെ റെയിലുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീംകോടതിക്കൊപ്പം ഹരിത ട്രിബ്യൂണലും പരിഗണിക്കുന്നുണ്ട്. സമര സമിതിയുടെ പഠനത്തില്‍ കണ്ടെത്തിയത് 400 മേല്‍പ്പാലങ്ങള്‍ക്ക് 20 ലക്ഷത്തോളം ചതുരശ്ര മീറ്റര്‍, അഞ്ചടി ഉയരത്തില്‍ 800 കിലോമീറ്റര്‍ സംരക്ഷണഭിത്തിക്ക് 40 ലക്ഷം ചതുരശ്ര മീറ്റര്‍, 530 കിലോമീറ്റര്‍ സില്‍വര്‍ ലൈന്‍ പാതയ്ക്ക് മാത്രം കുറഞ്ഞത് 32.5 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ് എന്നൊക്കെയാണ്.

വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് മുപ്പതിലധികം നദികൾക്കും നൂറുകണക്കിന് അരുവികൾക്കും കുറുകെ ശരാശരി 10-15 മീറ്റർ ഉയരത്തിൽ സിൽവർ ലൈൻ നിർമ്മിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതവും ചോദ്യം ചെയ്യപ്പെടും. ഡിപിആര്‍ പ്രകാരം പാതയുടെ ഇരുവശത്തുമായി 20 മീറ്റര്‍ വീതം സ്ഥലം ബഫര്‍ സോണായി പരിഗണിക്കുമ്പോള്‍ ആകെ നഷ്ടപ്പെടുന്ന ഭൂമി അയ്യായിരം ഹെക്ടറിലധികമാണ്. ഡിപിആര്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചത് നഷ്ടമാകുന്ന ഭൂമിയുടെ യഥാര്‍ഥ അളവ് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനായിരുന്നെന്ന് സമരസമിതി ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News