കെഎൽഎസ്സിന്റെ കവിതാ പുരസ്കാര ദാനവും നാലാമത്തെ പുസ്തക പ്രകാശന പരിപാടിയും വർണാഭമായി

ഡാളസ് : യശ്ശശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും അവാർഡ്‌ ദാനവും പ്രസിദ്ധ സാഹിത്യകാരനും സിനിമാ നിർമ്മാതാവും അഭിനേതാവുമായ തമ്പി ആന്റണി നിർവ്വഹിച്ചു.

കഥയിലെ കഥാപാത്രങ്ങളെ ഭാവനാ സൃഷ്ടികളായി കാണുകയും ആസ്വദിക്കുകയും ചെയ്യണമെന്നും, എന്നാൽ അവയെ യാഥാർത്ഥ്യവൽക്കരിച്ചു മനുഷ്യ മനസ്സിൽ സ്പർദ്ധ നിറക്കുകയാണെങ്കിൽ അത്‌ സമൂഹത്തിന്റെ നാശത്തിലേക്കു നയിക്കുമെന്നും പരിപാടിയിലെ മുഖ്യാതിഥിയായ തമ്പി ആന്റണി അഭിപ്രായപ്പെട്ടു.

മനയിൽ ജേക്കബ് കവിതാ പുരസ്കാരം ലഭിച്ചത് ലാസ്‌ വേഗസ്സിൽ നിന്നുള്ള ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ “മാനിന്റെ മാതൃരോദനം ” എന്ന ചെറുകവിതയാണ്‌ അഞ്ചംഗ ജഡ്ജിംഗ്‌ പാനൽ തെരഞ്ഞെടുത്തത്‌. പ്രശസ്തി ഫലകവും 250 ഡോളർ ക്യാഷ്‌ അവാർഡും വിജയിയുടെ പേരിൽ മാധ്യമ പ്രവർത്തകനും, എഴുത്തുക്കാരനുമായ പി പി ചെറിയാൻ തമ്പി ആന്റണിയിൽ നിന്നും ഏറ്റുവാങ്ങി.

മനയിൽ കവിതാ അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നതു മനയിൽ കുടുംബാംഗമായ രാജൻ ചിറ്റാർ ആയിരുന്നു. എല്ലാ വർഷവും ഈ അവാർഡ്‌ കവിതാമൽസരത്തിലൂടെ നൽകപ്പെടുമെന്ന് മനയിൽ ജേക്കബിന്റെ ഓർമ്മ പങ്കുവെച്ചുകൊണ്ട് രാജൻ ചിറ്റാർ സംസാരിച്ചു. സാഹിത്യകാരന്മാരായ എബ്രഹാം തെക്കേമുറി, ജോസ് ഒച്ചാലിൽ, സി. വി ജോർജ്, ജോസെൻ ജോർജ്, റോസമ്മ ജോർജ്, സന്തോഷ്‌ പിള്ള, സാറ ടീച്ചർ, മീന നെബു, ഉഷ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഈ അവസരത്തിൽ കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ” പ്രകാശനം ചെയ്യപ്പെട്ടു. 150-ല്‍ പരം പേജുകളിൽ 20 ലേറെ പ്രവാസി എഴുത്തുകാരുടെ കാവ്യ- കഥാ- ലേഖനങ്ങളാലും ചിത്രങ്ങളാലും സമ്പുഷ്ടമാണ്‌ ഈ പുസ്തകം. പുസ്തകത്തിന്റെ ആദ്യ പതിപ്പ് തമ്പി ആന്റണിയിൽ നിന്നും സാഹിത്യകാരൻ എബ്രഹാം തെക്കേമുറി സ്വീകരിച്ചു. കൂടാതെ മുൻകാല പ്രസിഡന്റ്‌മാരെ ആദരിക്കുകയുമുണ്ടായി.

പ്രസ്തുത പരിപാടി മുൻ സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവും, സിജു വി ജോർജ്ജ്‌ അദ്ധ്യക്ഷ പ്രസംഗവും, സാമുവൽ യോഹന്നാൻ പുസ്തക പരിചയ പ്രസംഗവും, അനശ്വർ മാമ്പിള്ളി കൃതജ്ഞതയും പറഞ്ഞു. ഹർഷ ഹരിദാസ്‌, ഉമ ഹരിദാസ്‌ എന്നിവർ എംസീമാരായിരുന്നു. സൗണ്ട് സജി സ്കറിയ, ജെയ്സൺ ആലപ്പാടനും, വീഡിയോ & ലൈറ്റ് നെബു കുര്യാക്കോസും, ക്യാമറ ദീപക് മഠത്തിൽ, അജു മാത്യുവും നിയന്ത്രിച്ചു.

ഡാളസ് മെലഡീസ് എന്ന സംഗീത കൂട്ടായ്മ അവതരിപ്പിച്ച സംഗീത സന്ധ്യയ്ക്കു ഷാജി മാത്യുവും മീനു എലിസബത്തും നേതൃത്വം നൽകി.

പരിപാടിയുടെ മെയിൻ സ്പോൺസേഴ്സ് ഷിജു അബ്രഹാം ഫിനാൻഷ്യൽസും ജോഡ്‌ റ്റാക്സിൻറെ ശ്രീ ഷാജി സാമുവലും ആയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News