യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം ആചരിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കലിന്റെ അധ്യക്ഷതയില്‍ കാതോലിക്കാ സമ്മേളനം നടന്നു.

അച്ചന്‍ തന്റെ പ്രസംഗത്തില്‍ കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യവും, സഭയുടെ ചരിത്രവും, അന്ത്യോഖ്യന്‍ സ്വാധീനത്തെപ്പറ്റിയും അനുസ്മരിച്ചു. നമ്മുടെ അപ്പസ്‌തോലന്‍ സെന്റ് തോമസ് ആണെന്നും, നമ്മുടെ വിശ്വാസം നാം സ്‌ട്രോങ് ആയി കാത്തുസൂക്ഷിക്കുന്നുവെന്നും അച്ചന്‍ പറഞ്ഞു. സഭയ്ക്കുവേണ്ടിയും, പരിശുദ്ധ ബാവാ തിരുമേനിക്കും, എല്ലാ പട്ടക്കാര്‍ക്കും, മേല്‍പ്പട്ടക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, സഭയോടുള്ള കൂറും വിശ്വസ്തതയും ഉറപ്പിക്കണമെന്നും ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്തു.

സഭയുടെ വളര്‍ച്ചയെപ്പറ്റിയും, പുരോഹിതന്മാര്‍ സഭയില്‍ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്നും വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ജോസി മാത്യു പ്രസംഗിച്ചു. നമ്മുടെ എല്ലാ പിതാക്കന്മാരേയും, പ്രത്യേകിച്ച് പുലിക്കോട്ടില്‍ തിരുമേനി, വട്ടശേരില്‍ തിരുമേനി, ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നിവരുടെ ചിന്തകളെപ്പറ്റി എടുത്തുപറഞ്ഞു. വട്ടക്കുന്നില്‍ തിരുമേനിയുടേയും, പൗലോസ് ദ്വിതീയന്‍ ബാവയുടേയും പ്രവര്‍ത്തനങ്ങളെ പ്രത്യേകം സ്മരിക്കുകയും സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എടുത്തുപറയുകയും ചെയ്തു.

സെക്രട്ടറി വര്‍ഗീസ് പാപ്പന്‍ചിറ കാതോലിക്കാ പ്രതിജ്ഞാപത്രം വായിച്ചു. കാതോലിക്കാ മംഗള ഗാനത്തോടെ സമ്മേളനം സമാപിച്ചു.

Leave a Comment

More News