വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കലാമണ്ഡലം താല്ക്കാലിക അദ്ധ്യാപകനെതിരെ പോക്സോ

കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകനായിരുന്ന അഭിജോഷിനെതിരെ കലാമണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിൻ്റെ പേരിൽ പോക്സൊ കേസെടുത്തു.

മാര്‍ച്ച് 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡൻ്റ്സ് യൂണിയൻ്റെ വാർഷികാഘോഷ വേളയിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ സംഭവത്തെ പുറത്തറിയിക്കാതെ അദ്ധ്യാപകനെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമം നടത്തി. ഭയപ്പെട്ട വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോയ ശേഷം സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചതിൻ്റെ ഫലമായാണ് രക്ഷപെടാൻ കഴിയാതിരുന്നത്.

പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി അദ്ധ്യാപകനെ നിയമത്തിനു വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമമാണ് സ്ഥാപനത്തിൽ നടന്നത്.

ഏപ്രില്‍ 2-ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തിയതിൻ്റെ ഫലമായാണ് അഭിജോഷിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. അദ്ധ്യാപകനെതിരെയും വൈസ് ചാന്സലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, മുസ്ലിം ലീഗ്, ആർ. എസ്. പി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ കലാമണ്ഡലത്തിനു മുൻപിൽ ധർണ്ണ നടത്തി. എസ്. എഫ്. ഐ. കലാമണ്ഡലം യൂണിറ്റും പ്രതിഷേധം പ്രകടിപ്പിച്ചു. പോലീസ് അറസ്റ്റു വൈകിക്കുന്നതിലും ദുരൂഹത നിലനിൽക്കുന്നു.

FIR No: 168/2022. Cheruthuruthi Police Station, Thrissur

Print Friendly, PDF & Email

Leave a Comment

More News