കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്ന് യെച്ചൂരി ; പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ.വി. തോമസിനെ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോണ്‍ഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. തോമസിനെ അധിക്ഷേപക്കുന്നതും ശരിയല്ല. അദ്ദേഹം ഓട്‌പൊളിച്ച് വന്നയാളല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല.

ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന് ഉണ്ടായിരുന്ന ചില പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി നിര്‍ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടി മാഷിന് അറിയാം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അപ്പോള്‍ അവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നത് ശരിയല്ല.

മറ്റൊരു സംസ്ഥാനത്താണ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു. ഒരുപാട് കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സിപിഎം ശ്രമിക്കുന്നത്.<br> <br> പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ആശയം പറയുമെന്ന് കെ.വി തോമസ് പറഞ്ഞതിനോട് വെട്ടാന്‍ വരുന്ന പോത്തിനോട് കോണ്‍ഗ്രസ് ആശയം പറഞ്ഞിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Comment

More News