മഹാവീർ ജയന്തി ദിനത്തിൽ ജൈന സമൂഹത്തിന് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍: മഹാവീർ ജയന്തി ദിനത്തിൽ ജൈന സമുദായത്തിലെ ജനങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശംസകൾ നേർന്നു. തന്റെ ആശംസകൾ നേരുന്നതിനിടയില്‍, ഭഗവാൻ മഹാവീറിന്റെ ഉപദേശമായ അഹിംസയുടെ പാത പിന്തുടരാനും സത്യസന്ധത പാലിക്കാനും അനുകമ്പ പ്രകടിപ്പിക്കാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രഥമ വനിത ജിൽ ബൈഡനും അദ്ദേഹത്തോടൊപ്പം ആശംസകള്‍ നേരുന്നതായി ബൈഡന്‍ ട്വിറ്ററില്‍ എഴുതി.

“ജില്ലും ഞാനും ജൈനമത വിശ്വാസികൾക്ക് മഹാവീർ ജയന്തിയിൽ ഊഷ്മളമായ ആശംസകൾ അയക്കുന്നു. എല്ലാവരുടെയും സമാധാനത്തിനും സന്തോഷത്തിനും വിജയത്തിനും വേണ്ടി പരിശ്രമിക്കേണ്ട ദിനമാണിത്. നമുക്ക് ഓരോരുത്തർക്കും മഹാവീർ സ്വാമി ഉൾക്കൊണ്ട മൂല്യങ്ങൾ പിന്തുടരാം: സത്യം അന്വേഷിക്കുക, അക്രമത്തിൽ നിന്ന് പിന്തിരിയുക, പരസ്പരം യോജിച്ച് ജീവിക്കുക,” ബൈഡൻ ട്വീറ്റ് ചെയ്തു.

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ജൈനരിൽ മൂന്നിലൊന്നെങ്കിലും (ഏകദേശം 150,000) അമേരിക്കയിലാണ് താമസിക്കുന്നത്. ജൈനമതത്തിന്റെ അനുയായികൾ ആദ്യമായി അമേരിക്കയിൽ എത്തുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ജൈന കുടിയേറ്റം 1960 കളുടെ അവസാനത്തിൽ ആരംഭിച്ച് ഇന്നും തുടരുന്നു.

മഹാവീരന്റെ ജനനം ആഘോഷിക്കുന്ന ജൈനമതത്തിലെ ഒരു പ്രധാന മതപരമായ ആഘോഷമാണ് മഹാവീർ ജയന്തി. പ്രാർഥനകളാലും ഉപവാസത്താലും ഈ ദിനം ആഘോഷിക്കപ്പെടുന്നു. 24-ാമത്തേതും അവസാനത്തേതുമായ തീർത്ഥങ്കരനായ മഹാവീരന്റെ ജന്മദിനമാണ് ഈ ചടങ്ങ്. ഈ വർഷം ഏപ്രിൽ 14നായിരുന്നു മഹാവീർ ജയന്തി.

Print Friendly, PDF & Email

Leave a Comment

More News