ഭാര്യയ്ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കൈയ്യില്‍ കാശില്ല; മറ്റൊരു സുകുമാരക്കുറുപ്പായി ചെന്നൈ സ്വദേശി

ചെന്നൈ: എണ്‍പതുകളില്‍ കേരളത്തെ നടുക്കിയ സുകുമാരക്കുറുപ്പ് കേസിന് സമാനമായി തമിഴ്നാട്ടിലും സംഭവം അരങ്ങേറിയിരിക്കുകയാണിപ്പോള്‍. ലൈഫ് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനാണ് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റിവിനെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച സുകുമാര കുറുപ്പ് ഇന്നും കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡില്‍ പിടികിട്ടാപ്പുള്ളിയാണ്. എന്നാല്‍, ഇപ്പോള്‍ തമിഴ്നാട്ടില്‍ നടന്നത് തികച്ചും വ്യത്യസ്ഥ രീതിയിലാണെന്നു മാത്രം.

തനിക്ക് ആഭരണം വാങ്ങിത്തരണമെന്ന ഭാര്യയുടെ നിര്‍ബ്ബന്ധം മൂലമാണ് തമിഴ്നാട്ടിലെ മധുരവോയല്‍ സ്വദേശി സതീഷ് കുമാര്‍ സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലായത്. പ്രാദേശിക ബിജെപി നേതാവു കൂടിയാണ് സതീഷ് കുമാര്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാര്‍ സ്വയം വാഹനം കത്തിച്ചശേഷം മറ്റാരോ ആണ് അതു ചെയ്തതെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഏപ്രില്‍ 14ന് രാത്രിയാണ് സതീഷ് കുമാര്‍ സ്വന്തം കാറിന് തീയിട്ടത്. ചെന്നൈ മധുരവോയല്‍ എന്ന സ്ഥലത്ത് വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് അഗ്നിക്കിരയായത്. സിസിടിവി പരിശോധിച്ചപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുന്നു.

വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ സൈക്കിളില്‍ കാറിന് സമീപമെത്തുന്നതും വിന്‍ഡോകളിലൂടെ അകം വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അല്‍പ്പ നേരത്തിനുശേഷം ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാള്‍ കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. നിമിഷങ്ങള്‍ക്കകം തീപടര്‍ന്നു പിടിക്കുകയും ചെയ്തു. ദൃശ്യങ്ങളിലുള്ളയാളും സതീഷ് കുമാറും തമ്മിലെ രൂപസാദൃശ്യമാണ് പൊലീസിനെ സംശയത്തിലാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സ്വര്‍ണത്തിനായി കാറ് വില്‍ക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചതാണ് വാഹനം കത്തിച്ച് ഇന്‍ഷ്വറന്‍സ് തുക കൈക്കലാക്കാന്‍ സതീഷ് കുമാര്‍ തീരുമാനിക്കാന്‍ കാരണം.

Print Friendly, PDF & Email

Leave a Comment

More News