ദുബായ് വിമാനത്താവളത്തിൽ നിന്ന് 45 ദിവസത്തേക്ക് ഫ്ലൈ ദുബായ് ഇന്ത്യയിലേക്ക് സർവീസ് നടത്തും

അബുദാബി: ദുബായ് ഇന്റർനാഷണൽ എയർപോർട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നോർത്തേൺ റൺവേ അടച്ചിടുന്നതിനാല്‍, ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഫ്ലൈ ദുബായ് ഇന്ത്യ ഉൾപ്പെടെ 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് (DWC) മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.

“DWC-യിൽ, ഫ്ലൈ ദുബായ് വാഗ്ദാനം ചെയ്യുന്ന എല്ലാ സൗകര്യപ്രദമായ യാത്രാ സേവനങ്ങളിൽ നിന്നും യാത്രക്കാർക്ക് തുടർന്നും പ്രയോജനം ലഭിക്കും,” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര യാത്രയിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), “സമ്പൂർണ നവീകരണം” നടത്തുന്നതിനായി മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് രണ്ട് റൺവേകളിലൊന്ന് അടച്ചിടും.

“യാത്രക്കാരുടെ യാത്രാ പദ്ധതികൾക്ക് തടസ്സമില്ലാതിരിക്കാന്‍” ഈ കാലയളവിൽ DWC-യിൽ നിന്ന് ഇന്ത്യയുൾപ്പെടെ 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈ ദുബായ് ഫ്ലൈറ്റുകൾ നടത്തും.

അഡിസ് അബാബ, അഹമ്മദാബാദ്, അലക്സാണ്ട്രിയ, അൽഉല, ബഹ്റൈൻ, ചാട്ടോഗ്രാം, ചെന്നൈ, ദമാം, ഡൽഹി, ധാക്ക, ദോഹ, എന്റബെ, ഫൈസലാബാദ്, ഹൈദരാബാദ്, ജിദ്ദ, കറാച്ചി, കാഠ്മണ്ഡു, ഖാർത്തൂം, കോഴിക്കോട്, കുവൈറ്റ്, ലഖ്‌നൗ, മദീന, മഷ്ഹദ്, മുളട്ടാൻ, മുംബൈ, മസ്‌കറ്റ്, നജാഫ്, ക്വറ്റ, കൊച്ചി, കൊൽക്കത്ത, റിയാദ്, സലാല, സിയാൽകോട്ട്, യാൻബു എന്നിവിടങ്ങളിലേക്കാണ് ഡി.ഡബ്ല്യു.സി.യിൽ നിന്ന് ഫ്ലൈ ദുബായ് സര്‍‌വീസ് നടത്തുന്നത്.

മറ്റെല്ലാ ഫ്ലൈ ദുബായ് ലക്ഷ്യസ്ഥാനങ്ങളും ദുബായ് ഇന്റർനാഷണലിലെ (DXB) ടെർമിനൽ 2, ടെർമിനൽ 3 എന്നിവയിൽ നിന്ന് പ്രവർത്തിക്കുന്നത് തുടരും.

യാത്രയ്‌ക്ക് മുമ്പായി അവരവരുടെ പുറപ്പെടലും എത്തിച്ചേരേണ്ട വിമാനത്താവളങ്ങൾ പരിശോധിച്ച് ശരിയായ വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ഫ്ലൈ ദുബായ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.

DWC-യിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് ലഭിക്കും. കൂടാതെ, ഓരോ 30 മിനിറ്റിലും DXB, DWC എന്നിവിടങ്ങളിലെ എല്ലാ ടെർമിനലുകൾക്കുമിടയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കോംപ്ലിമെന്ററി ബസ് സർവീസ് നൽകും.

Print Friendly, PDF & Email

Leave a Comment

More News