പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു; ദുരൂഹത തുടരുന്നു

ആലപ്പുഴ: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട്‌പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്.

രണ്ടുമക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലും, അഞ്ചു വയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. റെനീസിന്റെ ഭാര്യ നജ്‌ലയെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് ഡ്യൂട്ടിക്ക് പോയ ശേഷമായിരുന്നു സംഭവം.

കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് റെനീസ് നൈറ്റ് ഷിഫ്റ്റിൽ ജോലിക്കായി വീട്ടിൽ നിന്ന് പോയത്. ഇന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇവരുടെ വീട്ടിൽ ദിവസവും വഴക്കുണ്ടാകുമായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. അടുത്തിടെ, തർക്കം രൂക്ഷമായപ്പോൾ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ, അതിനു ശേഷവും പ്രശ്നങ്ങള്‍ തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ, റെനീസിന്റെ ഭാര്യ നജ്‌ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച്‌ സഹോദരി നഫ്‌‌ല രംഗത്തെത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്‌ല എന്നാണ് നഫ്‌ല പറയുന്നത്. റെനീസും അയാളുടെ കാമുകിയും ചേര്‍ന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തിയതാണെന്നും സഹോദരി ആരോപിക്കുന്നു.

മരണം നടന്നതിന് തലേ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളില്‍ മനംനൊന്താണ് ഭാര്യ മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാരനായ റെനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതില്‍ ഒരു സ്ത്രീ റെനീസിന്റെ ബന്ധു തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെതിരെയാണ് നജ്‌ലയുടെ സഹോദരിയുടെ ആരോപണം.

പല സ്ത്രീകളുമായി റെനീസിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പലതവണ നജ്‌ല കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റെനീസ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരും തമ്മില്‍ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോള്‍ നജ്‌ല വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റെനീസ് നല്‍കിയില്ല. ബന്ധം വേര്‍പ്പെടുത്തിയാല്‍ വീട്ടിലെത്തി നജ്‌ലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതില്‍ ഭയന്നാണ് ബന്ധം വേര്‍പെടുത്താതെ നജ്‌ല തുടര്‍ന്ന് വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News