ധൈര്യമുണ്ടെങ്കില്‍ എന്നെ പുറത്താക്കട്ടേ; കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് കെ വി തോമസ്

കൊച്ചി: കഴിയുമെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടേ എന്ന പരസ്യ വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് കെവി തോമസ്. തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നടത്തുന്ന ഇടതു മുന്നണി പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

“കണ്ണൂരിന്റെ മണ്ണിൽ ചവിട്ടിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി? അതു നടന്നോ?” കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കെ.വി. തോമസ് പരിഹാസത്തോടെ ചോദിച്ചു. കെപിസിസി ഐഐസിസിക്ക് നൽകിയ പരാതിയുടെ പകർപ്പ് എഐസിസി അച്ചടക്ക സമിതിക്ക് തനിക്ക് അയച്ചുതന്നിരുന്നു. എ.കെ. ആന്റണി ചെയർമാനായ കമ്മിറ്റിക്കാണു മറുപടി നൽകിയത്. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡന്റിനു ചെന്നു. പ്രസിഡന്റു പറഞ്ഞതു ഞാൻ എഐസിസി മെമ്പറാണ് കെപിസിസി മെമ്പറാണ് എന്നാണ്. അതിനു ശേഷം അംഗത്വവും പുതുക്കി നൽകി.

500 പേർക്കും മെമ്പർഷിപ്പ് പുതുക്കി നൽകിയിട്ടുണ്ട്. അതാണ് കോൺഗ്രസ്. എഐസിസി എടുക്കുന്ന തീരുമാനത്തെ എതിർക്കുന്ന ഇവിടുത്തെ കോൺഗ്രസാണ് കോൺഗ്രസ് വിരുദ്ധമായി പെരുമാറുന്നത്. കോൺഗ്രസ് എന്നതു സംഘടന മാത്രമല്ല, കാഴ്ചപ്പാടു കൂടിയാണ്, ജീവിതരീതിയാണ്.

പാർട്ടിയിൽ നിന്നു പുറത്താക്കാൻ സംഘടിത ശ്രമമുണ്ടായതിനാലാണ് മാറിനിൽക്കുന്നത്. എഐസിസിയെക്കാൾ വലിയതാണ് കേരളത്തിലെ കോൺഗ്രസ് എന്നു പറഞ്ഞാൽ അതിനു മറുപടിയില്ല’’ – അദ്ദേഹം പറഞ്ഞു. ‘‘ഞാൻ വളർന്നു വന്ന സാഹചര്യവും ആദർശവുമെല്ലാം കോൺഗ്രസിന്റേതാണ്. ആ കാഴ്ചപ്പാടിനും ജീവിതരീതിക്കും മാറ്റമുണ്ടാകില്ല. ഞാൻ കോൺഗ്രസുകാരനല്ല എന്ന് ആർക്കും പറയാനാവില്ല. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് കാഴ്ചപ്പാടുണ്ട്, ചരിത്രമുണ്ട്. അതു വിട്ട് ഒരു പാർട്ടിയിലും പോവില്ല.

കോൺഗ്രസുകാരൻ ആയാലും ഇല്ലെങ്കിലും കാര്യമില്ലെന്നും എന്നെ പുറത്താക്കാനുള്ള ആക്രമണം 2018 മുതൽ നടക്കുന്നുണ്ടെന്നും
അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.സി. വേണുഗോപാലാണ് പറഞ്ഞത്. അടുത്ത ദിവസം മുതൽ ആക്രമണം ഉണ്ടായി. എന്നാൽ അവർ പറയുന്നതെല്ലാം തെറ്റാണ്. കെ.കരുണാകരൻ കോൺഗ്രസ് വിട്ടു പോയിട്ടുണ്ട്, പ്രചാരണവും നടത്തിയിട്ടുണ്ട്, തോമസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment