മഴ നാശം വിതച്ചതോടെ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശ്ശൂര്‍: നൂറു കണക്കിന് പൂരപ്രേമികളെ നിരാശരാക്കി തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ബുധനാഴ്ച രണ്ടാം തവണയും മാറ്റിവച്ചു.

ഇന്ന് (ബുധനാഴ്ച) പുലർച്ചെ മൂന്നിന് നിശ്ചയിച്ചിരുന്ന പ്രധാന കരിമരുന്ന് പ്രയോഗം ആദ്യം രാത്രി ഏഴിലേക്ക് മാറ്റി. എന്നാൽ, ഉച്ചയോടെ നഗരത്തിൽ മഴ വീണ്ടും പെയ്തതോടെ വെടിക്കെട്ട് മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം വെടിക്കെട്ടിന്റെ അടുത്ത തീയതിയും സമയവും പിന്നീട് അറിയിക്കും.

6.30 ഓടെ മാറ്റിവച്ചതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ ആരാധകർ പ്രതീക്ഷയോടെ നഗരത്തിൽ തങ്ങി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു.

ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് വൈകീട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു. ഇപ്പോഴും മഴ തൃശ്ശൂരിൽ തുടരുന്നുണ്ട്. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന്. അന്ന് പൂര ന​ഗരിയങ്ങ് നിറയും. തേക്കിന്‍കാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ പൂരത്തിന് ഓരോ വര്‍ഷവും വിദേശ സഞ്ചാരികള്‍ അടക്കം ധാരാളം പേരാണ് എത്താറുള്ളത്.

രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തിൽ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തി​ന്റെ പ്രധാന ആകർഷകങ്ങൾ.

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

Print Friendly, PDF & Email

Related posts

Leave a Comment