മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; വെള്ളാപ്പള്ളിയുടെ അനാവശ്യ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കി: പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇത്തരം പരാമർശങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേ, മന്ത്രി സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസുമായി ചർച്ച ചെയ്ത ശേഷമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗുമായി ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമർശം അനുചിതമായിയെന്നും അതിന് ജനങ്ങൾ അര്‍ഹിക്കുന്ന മറുപടി നൽകിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിന് ലീഗിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. അത്തരം വിമർശനങ്ങൾ അപ്രസക്തമാണെന്ന് ഈ വിജയത്തോടെ മനസ്സിലായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണ്. യുഡിഎഫിലെ ഉൾപ്പോരിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനുശേഷം വി ഡി സതീശൻ പ്രവര്‍ത്തനനിരതനായിരുന്നു. സംസ്ഥാനം ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് അദ്ദേഹം കാരണങ്ങളും വസ്തുതകളും ഉപയോഗിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Leave a Comment

More News