വിശുദ്ധ ദേവസഹായം പിള്ള അടിയുറച്ച വിശ്വാസത്തിന്റെ മഹനീയ മാതൃക: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

തിരുവനന്തപുരം: വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ദേവസഹായം പിള്ള ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ അല്മായ വിശ്വാസി സമൂഹത്തിന് പുതുചൈതന്യവും ആത്മീയ ഉണര്‍വ്വുമേകുന്ന അടിയുറച്ച വിശ്വാസത്തിന്റെ മഹനീയ മാതൃകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യയിലെ അല്മായ വിശ്വാസി സമൂഹത്തില്‍ നിന്ന് ഒരു വിശുദ്ധനുണ്ടാകുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. ക്രിസ്തു വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ദേവസഹായം പിള്ളയുടെ വിശ്വാസതീക്ഷ്ണതയും സുവിശേഷവേലയും ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. 1752 ജനുവരി 14ന് വെടിവെച്ചു കൊലപ്പെടുത്തുന്ന അവസാന നിമിഷങ്ങളിലും പ്രാര്‍ത്ഥിക്കുവാന്‍ സമയം നല്‍കണമെന്ന അന്ത്യാഭിലാഷം പങ്കുവെച്ച അദ്ദേഹത്തിന്റെ ക്രിസ്തു ചൈതന്യം ഇന്നും വിശ്വാസം ഊട്ടിയുറപ്പിച്ചു ജീവിക്കുവാനും മുന്നേറുവാനും സാക്ഷ്യങ്ങളാകുവാനും അനേകായിരങ്ങള്‍ക്ക് ആവേശമാകുന്നു.

ഭാരതസഭയ്ക്ക് അഭിമാനവും അല്മായ സമൂഹത്തിന് അതിരറ്റ ആഹ്ലാദവുമേകുന്ന വിശുദ്ധ പദവിയുടെ പുണ്യദിനം പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും ഭീകര തീവ്രവാദ അക്രമങ്ങളിലും നിരന്തരം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന സുവിശേഷ ചൈതന്യത്തില്‍ നിറഞ്ഞുപ്രകാശിക്കാന്‍ പ്രചോദനമേകുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News