34 വർഷം പഴക്കമുള്ള കേസിൽ നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവു ശിക്ഷ വിധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. 1988ലെ കേസിലാണ് സിദ്ദുവിന് ഈ ശിക്ഷ ലഭിച്ചത്.

1988-ൽ, അതായത് ഏകദേശം 34 വർഷം മുമ്പ്, പട്യാലയിലെ പാർക്കിംഗിനെച്ചൊല്ലിയുള്ള വഴക്കില്‍ ഒരു വയോധികന്റെ ജീവൻ നഷ്ടപ്പെട്ടു. നേരത്തെ ഈ കേസിൽ 1000 രൂപ പിഴ ചുമത്തി സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. ഇതിനെതിരെയാണ് വയോധികന്റെ കുടുംബം പുനഃപരിശോധനാ ഹർജി നൽകിയത്.

1988 മുതലുള്ളതാണ് സിദ്ദുവിനെതിരായ ഈ കേസ്. പട്യാലയില്‍ പാർക്കിങ്ങിനെച്ചൊല്ലി 65 കാരനായ ഗുർനാം സിംഗുമായി സിദ്ദു തർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ ഇവർ തമ്മിൽ വാക്കേറ്റവുമുണ്ടായി. സിദ്ദു ഗുർനാം സിംഗിനെ മർദ്ദിക്കുകയും ഗുർനാം സിംഗ് മരിക്കുകയും ചെയ്തു. തുടർന്ന് നവജ്യോത് സിംഗ് സിദ്ദുവിനും സുഹൃത്ത് രൂപീന്ദർ സിംഗ് സിദ്ദുവിനുമെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. വാദത്തിനിടെ, തെളിവുകളുടെ അഭാവത്തിൽ 1999-ൽ സെഷൻസ് കോടതി നവജ്യോത് സിംഗ് സിദ്ദുവിനെ വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഗുര്‍നാം സിംഗിന്റെ കുടുംബം പരാതിയുമായി ഹൈക്കോടതിയിലെത്തിയത്.

2006ൽ ഈ കേസിൽ നവജ്യോത് സിംഗ് സിദ്ദുവിനെ ഹൈക്കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ നവജ്യോത് സിദ്ദു സുപ്രീം കോടതിയിൽ എത്തിയിരുന്നു. സുപ്രീം കോടതി 1000 രൂപ പിഴ ചുമത്തി വിട്ടയച്ചു. എന്നാല്‍, അതിന് ശേഷം റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തതിലാണ് ഇപ്പോഴത്തെ ശിക്ഷ.

Print Friendly, PDF & Email

Leave a Comment

More News