കന്യാസ്ത്രീ പീഡനക്കേസ്: കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചുമതലകളില്‍ പ്രവേശിക്കാമെന്ന് കോടതി

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിലേക്ക് മടങ്ങി ചുമതലകളില്‍ പ്രവേശിക്കാന്‍ അനുമതി. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് വത്തിക്കാൻ അംഗീകരിച്ചതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു. 2018 സെപ്റ്റംബറിൽ, കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കിയിരുന്നു.

കോടതി വിധി അംഗീകരിച്ച് വത്തിക്കാന്‍: ശനിയാഴ്‌ച ജലന്ധർ രൂപത സന്ദർശിച്ച ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ കുറ്റവിമുക്തനാക്കിയ കോടതിയുടെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലി ഉത്തരേന്ത്യൻ രൂപതയിലെ വൈദികരെ അറിയിച്ചതായാണ് വിവരം. കുറ്റവിമുക്തനാക്കി നാല് മാസങ്ങള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ് വത്തിക്കാന്‍ അംഗീകരിക്കുന്നത്.

കുറുവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് ആശ്രമത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് കേസ്. നാലു മാസത്തെ അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജനുവരി 14ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News