മകളുടെ ഐടി ബിസിനസിന് പിണറായി വിജയൻ ഷാർജ ഭരണാധികാരികളിൽ നിന്ന് സഹായം തേടി: സ്വപ്ന സുരേഷ്

2017 സെപ്തംബറിൽ കേരളം സന്ദര്‍ശിച്ച ഷാർജ ഭരണാധികാരിയോട് മകള്‍ക്ക് എമിറേറ്റ്സില്‍ ഐടി ബിസിനസ് തുടങ്ങാണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു.

എന്നാല്‍, ഷാർജ രാജകുടുംബത്തിൻ്റെ എതിർപ്പ് കാരണം അത് നടന്നില്ല. 2017 സെപ്‌റ്റംബർ 26ന് ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കുമൊപ്പം ചർച്ചയിൽ നളിനി നെറ്റോയും ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്‌ന സത്യവാങ്‌മൂലത്തില്‍ പറയുന്നു.

‘ബിരിയാണി ചെമ്പിന് വലിപ്പം കൂടുതല്‍’: കോണ്‍സുല്‍ ജനറലിന്‍റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്‍റെ വലിപ്പം സംബന്ധിച്ചും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തൻ്റെ മൊബൈൽ ഫോണിൽ ഉണ്ട്. ഈ ഫോൺ എൻ.ഐ.എ കസ്റ്റഡിയിലാണുള്ളത്.

സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള ആ ചെമ്പ് പാത്രം അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞിരുന്നു. അതിൽ എന്തായിരുന്നു എന്ന് വ്യക്തമല്ല. ശിവശങ്കറിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിൽ എത്തിച്ചത്. അത് ക്ലിഫ് ഹൗസില്‍ എത്തുന്നതുവരെ കോൺസൽ ജനറൽ അസ്വസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് എല്ലാം പറഞ്ഞിരുന്നു. പക്ഷെ, തെളിവില്ലെന്ന കാരണം പറഞ്ഞ് തുടരന്വേഷണം നടത്തിയില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്.

അതേസമയം, സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉപദേശം തേടി. ഇഡി ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശാസുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പിറ്റേ ദിവസം തന്നെ ഇഡി കോടതിയില്‍നിന്ന് കൈപ്പറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ മൊഴിയില്‍ പരാമര്‍ശമുള്ളതിനാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ മൊഴിപ്പകര്‍പ്പ് ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസിലേക്കാണ് കൈമാറിയിരിക്കുന്നത്. വളരെ വലിയ രാഷ്ട്രീയപ്രധാന്യമുള്ള കേസ് ആയതിനാല്‍ ഡയറക്ടര്‍ ജനറല്‍ ആയിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക. മൊഴിയുടെ നിയമസാധുതയും തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യതയും സംബന്ധിച്ച് കേന്ദ്ര ഇഡി ഒഫിസ് നിയമോപദേശം തേടിയേക്കും. അതിനുശേഷമായിരിക്കും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുക.

Print Friendly, PDF & Email

Leave a Comment

More News