69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലില്‍ നടക്കും

ആലപ്പുഴ : 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി (എൻടിബിആർ) ഇന്ന് ശനിയാഴ്ച ആലപ്പുഴയിലെ പുന്നമട കായലില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.

എൻടിബിആറിന്റെ പശ്ചാത്തലത്തിൽ, ഐപിഎൽ ഫോർമാറ്റിനെ അനുസ്മരിപ്പിക്കുന്ന ജല കായിക മത്സരമായ സിബിഎൽ എന്നറിയപ്പെടുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ കായല്‍ ഒരുങ്ങി. ആവേശകരമായ മത്സരത്തില്‍ ഒമ്പത് ടീമുകൾ ചാമ്പ്യൻഷിപ്പിനായി മത്സരിക്കും.

ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, എം ബി രാജേഷ്, വീണാ ജോർജ്, വി അബ്ദുറഹിമാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

2017 ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്‍റെ ഭാഗമായാണെങ്കില്‍ ഇത്തവണ തനതായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രചരണ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനായി മുന്നോട്ട് വരുന്ന സാഹചര്യവും ഇത്തവണയുണ്ടായി. ബോണസും മെയിന്‍റനന്‍സ് ഗ്രാന്‍റും 10 ശതമാനം വര്‍ധിപ്പിച്ചു.

തുഴയെറിയലിന് കനത്ത സുരക്ഷ: കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണ മത്സരത്തിനായി പുന്നമടക്കായലില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചമ്പക്കുളം മൂലം വള്ളം കളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ സംവിധാനം കൂടുതല്‍ ഒരുക്കിയത്. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലും സ്‌പോണ്‍സര്‍ഷിപ്പിലും വലിയ മുന്നേറ്റം ദൃശ്യമാകുന്നുണ്ട്.

മത്സരത്തിനായി 72 വള്ളങ്ങള്‍: ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫി വള്ളം കളിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ ഗ്രേഡ് 4, ഇരുട്ടുകുത്തി ബി ഗ്രേഡ് 15, ഇരുട്ടുകുത്തി സി ഗ്രേഡ് 13, വെപ്പ് എ ഗ്രേഡ് 7, വെപ്പ് ബി ഗ്രേഡ് 4, തെക്കനോടി തറ 3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും.

ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യമുണ്ടാകുക. ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ 4 ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ 3 വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് സൗകര്യം സജ്ജം: പുന്നമടക്കായലില്‍ വള്ളം കളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിന് പുറമെ വള്ളം കളി കാണുന്നതിനായി കെഎസ്ആര്‍ടിസി ബജറ്റ് സെല്ലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം: പാസുള്ളവര്‍ക്ക് മാത്രമാണ് വള്ളം കളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്‍റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വള്ളം കളിയുടെ വെര്‍ച്ച്വല്‍ റിയാലിറ്റി ഒരുക്കിയ വാഹന പര്യടനം തുടങ്ങിയവയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.

ടീ ഷര്‍ട്ട്, കോഫി മഗ്, ചുണ്ടന്‍ വള്ളത്തിന്‍റെ മാതൃക, തൊപ്പി തുടങ്ങിയ മെര്‍ക്കന്‍ഡൈസുകളും എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇപ്രാവശ്യത്തെ വള്ളം കളിക്കുള്ള ക്ഷണക്കത്തും വിശിഷ്‌ടാതിഥികള്‍ക്കുള്ള സുവനീറുകളും പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. കുട്ടനാട്ടില്‍ നിന്നും ശേഖരിച്ച കുളവാഴയില്‍ നിന്നാണ് ഇവ നിര്‍മിച്ചത്. ആലപ്പുഴ എസ്.ഡി കോളജ് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പായ ഐകോടെക് ആണിത് നിര്‍മിച്ചത്.

വള്ളം കളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സര സമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്യും. അനൗണ്‍സ്‌മെന്‍റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ട് മണിക്ക് ശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്ക് ഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല.

വള്ളം കളി ഭിന്നശേഷി സൗഹൃദമാകും: ഇക്കുറി നെഹ്റു ട്രോഫി വള്ളം കളി കാണുന്നതിന് ഭിന്നശേഷിക്കാരായ 50 പേര്‍ക്കാണ് നെഹ്‌റു പവലിയനില്‍ പ്രത്യേക സൗകര്യമൊരുക്കുന്നത്. ചില്‍ഡ്രന്‍സ് ഹോം, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കാണ് ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വള്ളം കളി കാണാനുള്ള അവസരമൊരുക്കുന്നത്. ഇവരെ സഹായിക്കാനായി ടൂറിസം വകുപ്പില്‍ നിന്നുള്ള വോളന്‍റിയര്‍മാരുമുണ്ടാകും.

പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആലപ്പുഴയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 2000 പോലീസുകാരെയും ട്രാഫിക് ജീവനക്കാരെയും വിന്യസിക്കും.

Print Friendly, PDF & Email

Leave a Comment

More News