ജുമാ നമസ്ക്കാരത്തിനു ശേഷം വർഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം പള്ളികളില്‍ പാടില്ലെന്ന് കണ്ണൂര്‍ പോലീസിന്റെ നിര്‍ദ്ദേശം

കണ്ണൂര്‍: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് വിചിത്രമായ നിർദേശവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. മതപ്രഭാഷണങ്ങളിൽ വർഗീയ വിദ്വേഷം വളർത്തരുതെന്ന് കാണിച്ചാണ് കണ്ണൂർ മയ്യിൽ പൊലീസ് നോട്ടീസ് നൽകിയത്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മയ്യിൽ പോലീസ് എസ്എച്ച്ഒ അറിയിച്ചു.

പ്രവാചക നിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനുശേഷം നടന്നുവരുന്ന മതപ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലോ ഉള്ളതായ ഒന്നുമുണ്ടാകാന്‍ പാടില്ലെന്ന് ജുമാ മസ്ജിദ് സെക്രട്ടറിക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നു.

ഇങ്ങനെയുണ്ടായെന്ന് വിവരം കിട്ടിയാല്‍ ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസിലുണ്ട്. മയ്യില്‍ പഞ്ചായത്തിന് കീഴിലുള്ള പള്ളികളിലാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. എസ്എച്ച്ഒയോട് വിശദീകരണം തേടിയെന്ന് സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു.

ഇത്തരമൊരു സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും എന്നാൽ അതിൽ പ്രശ്‌നമൊന്നുമില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. നോട്ടിസിന് പിന്നിലെ കാരണം അന്വേഷിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സർക്കുലറിന്റെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തത തേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക നിന്ദ വിവാദവുമായി ബന്ധപ്പെട്ട് ഇമാം കൗൺസിൽ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നീടാണ് നോട്ടീസ് നൽകിയത്.

Print Friendly, PDF & Email

Leave a Comment

More News