സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിലിന് നിവേദനം നൽകി

ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകുന്നു.

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നാളെ മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു.

പത്തിന് ശേഷം ഉള്ളതു പോലെ വലിയ സീറ്റ് ക്ഷാമം പ്ലസ് ടുവിന് ശേഷവുമുണ്ടന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിലും ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജ് പോലുമില്ലാത്ത 2 നിയോജക മണ്ഡലങ്ങളുണ്ട്. മലമ്പുഴയും ആലത്തൂരും. അവിടങ്ങളിൽ കോളേജുകൾ അനുവദിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിനും വേണം ഒരു ഗവൺമെന്റ് കോളേജ്. തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന ജില്ലയിലെ കിഴക്കൻ മേഖലയിൽ തമിഴ് കോളേജ് അനുവദിക്കുകയും കായിക രംഗത്ത് ദേശീയ തലത്തിൽ തന്നെ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുന്ന മുണ്ടൂർ / പറളി കേന്ദ്രീകരിച്ച് സ്പോർട്സ് കോളേജ് അനുവദിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഇക്കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഫ്രറ്റേണിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ്.റഹ്മാൻ, സെക്രട്ടറി സാബിത് മേപ്പറമ്പ്, സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News